August 20, 2026

ഹെര്‍ണിയ പെട്ടന്നൊരു ദിവസം ഉണ്ടാകുന്ന രോഗമല്ല : അറിഞ്ഞിരിക്കണം

Share

 

വയറിനുള്ളിലെ ആമാശയം, ചെറുകുടല്‍, വൻകുടല്‍ തുടങ്ങിയ അവയവങ്ങളെ അവയുടെ സ്ഥാനത്ത് നിലനിർത്താൻ വയറിന്റെ ഭിത്തിയിലെ പേശികളും കലകളും പ്രധാന പങ്കുവഹിക്കുന്നു. ഈ പേശികള്‍ക്കോ കലകള്‍ക്കോ ബലക്ഷയം സംഭവിക്കുമ്പോള്‍ വയറിനുള്ളിലെ അവയവങ്ങളോ കുടലിന്റെ ഭാഗങ്ങളോ ഭിത്തിയിലെ ദുർബലമായ ഭാഗത്തിലൂടെ പുറത്തേക്ക് തള്ളിവരാം. ഈ അവസ്ഥയെയാണ് ഹെർണിയ അഥവാ കുടലിറക്കം എന്ന് വിളിക്കുന്നത്. സാധാരണയായി എഴുന്നേറ്റ് നില്‍ക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഭാരമുള്ള വസ്തുക്കള്‍ ഉയർത്തുമ്പോഴോ പുറത്തേക്ക് തള്ളിവരുന്ന മുഴയായി ഇത് ശ്രദ്ധയില്‍പ്പെടാം. ചിലരില്‍ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം, എന്നാല്‍ എല്ലാവർക്കും ഒരേ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.

 

നില്‍ക്കുമ്പോള്‍ കാണുന്ന മുഴ കിടക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ചിലപ്പോള്‍ അവയവങ്ങള്‍ അമരുകയും ചുരുങ്ങുകയും ചെയ്യാം. അതോടൊപ്പം കഠിനമായ വയറുവേദനയും ഛര്‍ദിയും മറ്റ് ബുദ്ധിമുട്ടുകളും സംഭവിക്കാം. ഇത് ഒറ്റ് ദിവസം കൊണ്ട് സംഭവിക്കുന്ന മാറ്റമല്ല, വളരെ സാവധാനത്തില്‍ വികസിച്ചു വരുന്ന ലക്ഷണങ്ങളാണ്. ചിലപ്പോള്‍ പെട്ടെന്നു തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം. അമിതമായ ഭാരമെടുക്കുകയോ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ചുമയുണ്ടെങ്കിലോ ഹെര്‍ണിയ ചിലപ്പോള്‍ സങ്കീര്‍ണമാകാം.

 

ജീവിതശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും പരിപൂര്‍ണമായും മാറ്റിയെടുക്കാവുന്ന രോഗമാണിത്. പൊക്കിളിലൂടെ വരുന്ന ഹെര്‍ണിയയെ അംബ്ലിക്കല്‍ ഹെര്‍ണിയ എന്നും പൊക്കിളിന്റെ ചുറ്റുപാടു നിന്ന വരുന്ന ഹെര്‍ണിയയെ പാരഅംബ്ലിക്കല്‍ ഹെര്‍ണിയ എന്നുമാണ് പറയുന്നത്. വയറിന്റെ താഴ്ഭാഗത്തു കാണുന്ന ഹെര്‍ണിയയെ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ, ഫെമൊറല്‍ ഹെര്‍ണിയ എന്നിങ്ങനെയാണ് പറയുന്നത്. നെഞ്ച്, തലയോട്ടിയുടെ താഴ്ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഹെര്‍ണിയ ഉണ്ടാകാറുണ്ട്.

 

വേദനയോ വീക്കമോ കാണപ്പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ ഹെർണിയയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. മിക്കപ്പോഴും വളരെ പതിയെയാണ് ഹെർണിയ രൂപം കൊള്ളുന്നത്. ഏതെങ്കിലും തരത്തിലുള്ള വേദനയോ വീക്കമോ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പു തന്നെ ഹെർണിയ ശരീരത്തില്‍ രൂപം കൊള്ളുന്നുണ്ട്. എന്നാല്‍ മിക്കവരും കരുതുന്നത് പെട്ടെന്ന് ഭാരം ഉയര്‍ത്തിയത് കൊണ്ടാണ് ഹെർണിയ വന്നതെന്നാണ്.

 

തെറ്റായ രീതിയിലുള്ള ശ്വസനം, വിട്ടുമാറാത്ത ചുമ, ദഹനവ്യവസ്ഥയ്ക്ക് വരുന്ന അമിതഭാരം, തീരെ വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയെല്ലാം ഹെർണിയയ്ക്ക് കാരണമാകാറുണ്ട്. പുകവലി ഒഴിവാക്കുന്നത് ഹെർണിയയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് യൂറോപ്യൻ ഹെർണിയ സൊസൈറ്റി പറഞ്ഞു. കൂടാതെ ശരിയായ വ്യായാമം, കൃത്യമായ ഭക്ഷണരീതി എന്നിവയെല്ലാം ഹെർണിയയെ അകറ്റിനിർത്താൻ സഹായിക്കും.

 

തെറ്റായ രീതിയിലുള്ള ഇരിപ്പ് ഹെർണിയയ്ക്ക് കാരണമാകും. കുനിഞ്ഞിരിക്കുകയോ ലോവർ ബാക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയിലോ ആണെങ്കില്‍ വയറില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തുന്നതിന് കാരണമാകും. ഇത്തരത്തില്‍ ദീർഘകാലം തെറ്റായ രീതിയില്‍ ഇരിക്കുന്നത് ശരീരത്തിന്റെ പ്രധാനപ്പെട്ട പേശികളെ ദുർബലമാക്കും. ആന്തരിക അവയവങ്ങളെ പിന്തുണയ്ക്കാനുള്ള കഴിവിനെ ഇത് ദുർബലപ്പെടുത്തുകയും ഹെർണിയയ്ക്ക് കാരണമാകുകയും ചെയ്യും.

 

വിട്ടുമാറാത്ത മലബന്ധവും വയറില്‍ നിന്ന് പോകുന്നതിനു വേണ്ടി അമിതമായി ആയാസം എടുക്കുന്നതും ഹെർണിയയ്ക്ക് കാരണമാകും. കാരണം മലവിസർജ്ജനം നടത്തുമ്പോള്‍ വലിയ സമ്മർദ്ദം ഉപയോഗിക്കുന്നത് ഈ പേശികള്‍ക്ക് വളരെയധികം സമ്മർദം ഉണ്ടാക്കാം. ഇത്തരത്തില്‍ നിരന്തരം വലിയ ആയാസം എടുക്കുന്നത് പേശി നാരുകളെ ദുർബലപ്പെടുത്തുകയും ഹെർണിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

 

വ്യായാമം ഒരു പ്രധാന ഘടകമാണ്. ആവശ്യത്തിനുള്ള വ്യായാമം ഇല്ലെങ്കില്‍ പേശികള്‍ ദുർബലമാകും. ദുർബലമായ പേശികള്‍ ആണെങ്കില്‍ പലപ്പോഴും സാധനങ്ങള്‍ ഉയർത്തുന്നതു പോലെയുള്ള ചെറിയ ജോലികള്‍ പോലും ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇത്തരത്തില്‍ വ്യായാമം ഇല്ലാതെ ആയാസകരമായ ജോലികള്‍ ചെയ്യുന്നതും ഹെർണിയയ്ക്ക് കാരണമാകും.

 

ഭാരമുള്ള വസ്തുക്കള്‍ തെറ്റായ രീതിയില്‍ ഉയർത്തുന്നതും അടിവയറിലെ ഭിത്തികളെ മോശമായി ബാധിക്കും. മിതമായ ഭാരമാണ് സ്ഥിരമായി ഉയർത്തുന്നതെങ്കിലും അത് ശരിയായ രീതിയില്‍ ചെയ്യുന്നില്ലെങ്കില്‍ ആരോഗ്യത്തെ ദോഷമായി ബാധിക്കും.

 

പുകവലി, അലർജി എന്നിവ മൂലം വിട്ടുമാറാത്ത ചുമ അല്ലെങ്കില്‍ തുമ്മല്‍ ഉണ്ടാകുന്നത് വയറിലെ മർദ്ദം വർധിക്കുന്നതിന് കാരണമാകും. എപ്പോഴും മുന്നോട്ടും പിന്നോട്ടുമുള്ള ഈ ചലനം വയറിലെ ഭിത്തിയെ ദുർബലപ്പെടുത്തുകയും അത് ഹെർണിയയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

 

വയറില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് വയറിലെ പേശികളില്‍ തുടർച്ചയായ സമ്മർദ്ദം ചെലുത്തും. ഇത്തരത്തില്‍ തുടർച്ചയായി ഉണ്ടാകുന്ന പിരിമുറുക്കം പേശിപാളികള്‍ വലിച്ചു നീട്ടപ്പെടാനും ദുർബലമാകാനും കാരണമാകുന്നു. ഇത്തരത്തില്‍ പേശികളില്‍ വലിയുന്നത് അവയവങ്ങള്‍ യഥാസ്ഥാനത്ത് നിലനിർത്താൻ തടസ്സം സൃഷ്ടിക്കുന്നു.

 

അറിഞ്ഞോ അറിയാതെയോ പലരും ഭാരം ഉയർത്തുമ്പോള്‍ ശ്വാസം പിടിക്കാറുണ്ട്. ചിലർ വ്യായാമം ചെയ്യുമ്പോഴും കൂടുതല്‍ ആയാസകരമായ പ്രവർത്തനങ്ങളില്‍ ഏർപ്പെടുമ്പോഴും ശ്വാസം പിടിച്ചു വെക്കാറുണ്ട്. ഇത് പലപ്പോഴും വയറിനുള്ളില്‍ മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകുകയും വയറിലെ പേശികളില്‍ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.