July 31, 2026

മുത്തങ്ങ ആക്രമണക്കേസില്‍ ഗീതാനന്ദനും മറ്റ് 3 പ്രതികള്‍ക്കും 5 വര്‍ഷം കഠിന തടവ്

Share

 

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ അബ്ദുള്‍ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ 4 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാംപ്രതിയും ആദിവാസി ഗോത്ര മഹാസഭാ നേതാവുമായ എം ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കൊയ്യാലിപുര, 11ാം പ്രതി അനില്‍കുമാർ എന്നിവരാണ് കുറ്റക്കാർ. ഇവർക്ക് 5 വർഷം കഠിന തടവും 10,000രൂപ പിഴയും വിധിച്ചു.

 

ഉദ്യോഗസ്ഥരായ 29-ാം സാക്ഷി അബ്ദുല്‍ സലാം, 30ാം സാക്ഷി ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടർന്നാണ് കല്‍പറ്റയിലെ വയനാട് പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സ്പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാൻ പത്തനാപുരം ശിക്ഷ വിധിച്ചത്. നാലു പ്രതികള്‍ക്ക് 16 കുറ്റങ്ങളിലായി 19 വർഷവും 7 മാസവും കഠിനതടവും പിഴയും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതികള്‍ക്ക് 5 വർഷത്തെ തടവ് മാത്രം അനുഭവിച്ചാല്‍ മതിയാകും.

 

കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് 7 ലക്ഷം രൂപയും, പരിക്കേറ്റ അബ്ദുല്‍ സലാമിന് 3 ലക്ഷം രൂപയും, പരിക്കേറ്റ ശശിധരന് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാൻ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിക്ക് ‌കോടതി ശുപാർശ ചെയ്തിട്ടുണ്ട്.

 

വിനോദ് കൊലക്കേസ്

 

23 വർഷം മുമ്പ് വയനാട് ജില്ലയിലെ മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആകെയുള്ള 57 പ്രതികളില്‍ 56 പേരെയും വെറുതെവിട്ടു. രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരൻ. വിചാരണയ്ക്കിടെ അശോകൻ മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി കണ്ടെത്തി. ഈ കേസില്‍ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

ഇനി 2 കേസുകള്‍

 

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇനി അവശേഷിക്കുന്നതു മുത്തങ്ങയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ളതും 27 പേരെ തടഞ്ഞുവച്ചതുമടക്കം 2 കേസുകള്‍. ഈ കേസുകളില്‍ സി കെ ജാനുവാണ് ഒന്നാം പ്രതി. വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിലുണ്ടായിരുന്ന മറ്റു കേസുകളെല്ലാം തള്ളിപ്പോയിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.