June 16, 2026

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് കിട്ടില്ല ; കേന്ദ്രത്തിന്റെ പുതിയ തീരുമാനം

Share

 

രാജ്യത്ത് കഫ് സിറപ്പുകളുടെ വില്‍പ്പനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകള്‍ വാങ്ങാൻ സാധിക്കില്ല.

1945-ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നത്.

 

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും സ്വയം ചികിത്സയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതോടെ ഫാർമസികളില്‍ നിന്ന് നേരിട്ട് കഫ് സിറപ്പ് വാങ്ങുന്ന രീതി അവസാനിക്കും. ഡോക്ടർ നിർദേശിക്കുന്ന കുറിപ്പടി ഹാജരാക്കിയാല്‍ മാത്രമേ മരുന്ന് ലഭ്യമാകൂ.

 

മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികള്‍ മരിച്ച സംഭവങ്ങള്‍ വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കഫ് സിറപ്പുകളുടെ നിർമ്മാണം, വിതരണം, വില്‍പ്പന എന്നിവയില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട് നിർദേശങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

പുതിയ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ വിഭാഗത്തില്‍ നിന്ന് “സിറപ്പുകള്‍” എന്ന വിഭാഗം ഒഴിവാക്കും. ഇതോടെ ഇതുവരെ ലഭിച്ചിരുന്ന ഇളവുകള്‍ അവസാനിക്കുകയും കഫ് സിറപ്പുകളുടെ നേരിട്ടുള്ള വില്‍പ്പനയ്ക്ക് വിരാമമാവുകയും ചെയ്യും. “ഡ്രഗ്സ് (അഞ്ചാം ഭേദഗതി) റൂള്‍സ്, 2026” എന്ന പേരിലാണ് പുതിയ ചട്ടങ്ങള്‍ അറിയപ്പെടുക.

 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്നാട്ടിലെ ഒരു മരുന്ന് നിർമ്മാണ കമ്പനിയുടെ ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ നിരവധി കുട്ടികള്‍ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ അനുവദനീയമായ അളവിനേക്കാള്‍ നൂറുകണക്കിന് മടങ്ങ് കൂടുതലായി ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി അധികൃതർ കണ്ടെത്തി. സമാന സംഭവങ്ങള്‍ രാജസ്ഥാനിലും റിപ്പോർട്ട് ചെയ്തിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.