May 29, 2026

ഗില്ലാട്ടം : രാജസ്ഥാൻ്റെ ചീട്ട് കീറി ഗുജറാത്ത് ഫൈനലില്‍

Share

 

ചണ്ഡീഗഡ് : 2022നു ശേഷം ഐപിഎല്ലിലെ ആദ്യ ഫൈനല്‍ മോഹിച്ചിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ കഥ കഴിച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരിലേക്കു കുതിച്ചു. സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഏഴു വിക്കറ്റിനാണ് ജിടിയുടെ വിജയം.

 

ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡേിയത്തില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അവരുടെ എതിരാളികള്‍.

 

നേരത്തേ ആദ്യ ക്വാളിഫയറില്‍ ജിടിയെ കെട്ടുകെട്ടിച്ചായിരുന്നു ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. അതിനു കണക്കു ചോദിക്കാനുള്ള അവസരമാണ് സ്വന്തം ഗ്രൗണ്ടില്‍ ഗുജറാത്തിനു ലഭിച്ചിരിക്കുന്നത്.

 

215 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ജിടിക്കു മുന്നില്‍ റോയല്‍സ് വച്ചത്. മികച്ച ബൗളിങ് നിരയുള്ളതിനാല്‍ തന്നെ ഈ ടോട്ടല്‍ പ്രതിരോധിക്കാമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നു.

 

എന്നാല്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശുഭ്മന്‍ ഗില്ലും (104) വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോറുമായി സായ് സുദര്‍ശനും (58) മിന്നിക്കുകയും ചെയ്തതോടെ ജിടി വെറും മൂന്നു വിക്കറ്റിനു 18.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

 

53 ബോളില്‍ 15 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. സായിയായവട്ടെ 32 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടിച്ച ശേഷം തൊട്ടുമുമ്പത്തെ മാച്ചിലേതു പോലെ വീണ്ടും ബാറ്റ് വഴുതി വിക്കറ്റില്‍ വീണ് ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍-സായ് ജോടി 77 ബോളില്‍ 167 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ മല്‍സരം റോയല്‍സില്‍ നിന്നും വഴുതിപ്പോയിരുന്നു.

 

വീണ്ടും വൈഭവാട്ടം

 

തുടരെ രണ്ടാമത്തെ മാച്ചിലും അര്‍ഹിച്ച സെഞ്ച്വറി മിസ്സായെങ്കിലും വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയുടെ (96) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ ആറു വിക്കറ്റിനു 214 റണ്‍സെന്ന വലിയ ടോട്ടലില്‍ എത്തിച്ചത്. 47 ബോളില്‍ എട്ടു ഫോറുകളും ഏഴു സിക്‌സറും വൈഭവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

 

തന്റെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി തുടക്കത്തില്‍ അല്‍പ്പം ശ്രദ്ധയോടെയാണ് താരം ബാറ്റ് വീശിയത്. തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായതോടെയാണിത്. ഇന്നിങ്‌സിന്റെ അവസാനത്തേക്കായിരുന്നു വൈഭവ് കുറേക്കൂടി അഗ്രസീവായുള്ള പ്രകടനം നടത്തിയത്.

 

രവീന്ദ്ര ജഡേജ (45*), ഡൊണോവന്‍ ഫെരേര (11 ബോളില്‍ 38*) എന്നിവരാണ് റോയല്‍സിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. യശസ്വി ജയ്‌സ്വാള്‍ (1), ധ്രുവ് ജുറേല്‍ (7) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായപ്പോള്‍ റോസല്‍സ് രണ്ടാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റിനു ഒമ്പതു റണ്‍സിലേക്കു വീണു.

 

 

 

ഇതോട നാലാം നമ്പറിലേക്കു ജഡേജയെ ആര്‍ആര്‍ പ്രൊമോട്ട് ചെയ്തു. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. വൈഭവിനൊപ്പം 65 ബോളില്‍ 127 റണ്‍സുമായി (ഒരു തവണ റിട്ടയേര്‍ഡ് ഹര്‍ട്ടായ ശേഷം തിരികെ വന്ന് ബാറ്റ് ചെയ്തു) റോയല്‍സിനെ രക്ഷിച്ചു.

 

ടോസിനു ശേഷം റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന കളിയിലെ അതേ ടീമിനെ തന്നെ റോയല്‍സ് നിലനിര്‍ത്തി. എന്നാല്‍ ജിടിയില്‍ ഒരു മാറ്റമുണ്ടായിരുന്നു. കുല്‍വന്ത് കെജ്രോളിയക്കു പകരം സ്പിന്നര്‍ ആര്‍ സായ് കിഷോറിനെ അവര്‍ തിരികെ കൊണ്ടുവന്നു.

 

നേരത്തേ ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഴേ്‌സ് ബെംഗളൂരുവിനോടു 92 റണ്‍സിന്റെ വന്‍ പരാജയം ജിടിക്കു നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ കടമ്പ കടന്നാണ് റോയല്‍സ് ഈ മാച്ചിനെത്തിയത്.

 

പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചീട്ട് കീറുകയായിരുന്നു അവര്‍. കളിയിലെ ഫേവറിറ്റുകളായിരുന്ന ഓറഞ്ച് ആര്‍മയിയെ 47 റണ്‍സിനാണ് ആര്‍ആര്‍ കെട്ടുകെട്ടിച്ചത്. ഇതിനു അവരെ സഹായിച്ചത് വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുടെ (29 ബോളില്‍ 97) വണ്‍മാന്‍ ഷോയായിരുന്നു.

 

നേരത്തേ ലീഗ് ഘട്ടത്തില്‍ രണ്ടു തവണ ജിടിയും ആര്‍ആറും കൊമ്പുകോര്‍ത്തിരുന്നു. ഇവയില്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. അഹമ്മദാബാദിലെ ആദ്യ പാദത്തില്‍ റോയല്‍സ് ആറു റണ്‍സിന്റെ ത്രില്ലിങ് വിജയം നേടിയിരുന്നു. രണ്ടാംപാദത്തില്‍ റോയല്‍സിനെ 77 റണ്‍സിനു മുക്കിയാണ് ജിടി കണക്കുതീര്‍ത്തത്.

 

പ്ലെയിങ് 11

 

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

 

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡൊണോവവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് രാജ് പുഞ്ച.

 

 


Share
Copyright © All rights reserved. | Newsphere by AF themes.