May 24, 2026

ആര്‍ച്ചര്‍ മാജിക് ; മുംബൈയെ തകര്‍ത്ത് രാജസ്ഥാൻ പ്ലേഓഫില്‍ : പഞ്ചാബ് പുറത്ത്

Share

 

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ 30 റണ്‍സിന് തകർത്ത് രാജസ്ഥാൻ റോയല്‍സ് ഐപിഎല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. രാജസ്ഥാൻ ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റുകൊണ്ട് 15 പന്തില്‍ 32 റണ്‍സ് നേടി രാജസ്ഥാനെ 200 കടക്കാൻ സഹായിച്ച ജോഫ്ര ആർച്ചർ 17 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ 16 പോയിന്റുമായാണ് രാജസ്ഥാൻ പ്ലേഓഫില്‍ കടന്നത്.

 

ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കൊപ്പം രാജസ്ഥാനും പ്ലേഓഫിലേക്ക് കടന്നു. രാജസ്ഥാന്റെ വിജയത്തോടെ പഞ്ചാബ് കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പ്ലേഓഫ് റേസില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ജയിച്ചെങ്കിലും പഞ്ചാബ് കിങ്സിന് രാജസ്ഥാനെക്കാള്‍ ഒരു പോയിന്റ് കുറവാണ്.

 

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയെ (0) ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ആർച്ചർ മുംബൈയെ ഞെട്ടിച്ചു. റയാൻ റിക്കല്‍ട്ടൻ (12), നമൻ ധീർ (6) എന്നിവർ വേഗത്തില്‍ മടങ്ങിയതോടെ മുംബൈ 24 ന് 3 എന്ന നിലയില്‍ പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാർ യാദവും (60) വില്‍ ജാക്സും (33) ചേർന്ന് 63 റണ്‍സ് കൂട്ടിച്ചേർത്ത് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

 

തിലക് വർമ്മ (3) നിരാശപ്പെടുത്തിയെങ്കിലും, നായകൻ ഹാർദിക് പാണ്ഡ്യയെ (34) കൂട്ടുപിടിച്ച്‌ സൂര്യകുമാർ വീണ്ടും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 42 പന്തില്‍ 3 സിക്സും 4 ഫോറുമടക്കം 60 റണ്‍സ് നേടിയ സൂര്യകുമാറിനെ നന്ദ്രേ ബർഗർ പുറത്താക്കിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ മങ്ങി. ഹാർദിക് പാണ്ഡ്യയെ ആർച്ചറും പുറത്താക്കിയതോടെ മുംബൈയുടെ തകർച്ച പൂർത്തിയായി. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ 4 ഓവറില്‍ 17 റണ്‍സിന് 3 വിക്കറ്റും, നന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ, യാഷ് പുഞ്ച എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സ് അടിച്ചെടുത്തത്. 16 ഓവർ വരെ മികച്ച ബൗളിങ്ങിലൂടെ മുംബൈ രാജസ്ഥാനെ നിയന്ത്രിച്ചു നിർത്തിയിരുന്നു. മുംബൈയ്ക്ക് വേണ്ടി ദീപക് ചാഹറും ശർദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

രാജസ്ഥാൻ നിരയില്‍ 26 പന്തില്‍ 38 റണ്‍സ് നേടിയ ധ്രുവ് ജുറെലാണ് ടോപ് സ്കോറർ. അവസാന ഓവറുകളില്‍ തകർത്തടിച്ച ജോഫ്ര ആർച്ചർ 15 പന്തില്‍ 32 റണ്‍സ് നേടി സ്കോർ വേഗത്തിലാക്കി. ദാസുൻ ശനക (29), യശസ്വി ജയ്‌സ്വാള്‍ (27) എന്നിവർ ഭേദപ്പെട്ട സംഭാവന നല്‍കിയപ്പോള്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് (4) തിളങ്ങാനായില്ല. മികച്ച തുടക്കം ലഭിച്ച പല ബാറ്റർമാരും അർധസെഞ്ചുറിക്ക് മുന്നേ വീണത് രാജസ്ഥാന് തുടക്കത്തില്‍ തിരിച്ചടിയായെങ്കിലും അവസാന ഓവറുകളില്‍ ജോഫ്രെ ആർച്ചർ നടത്തിയ ബാറ്റിങ് പ്രകടനത്തില്‍ രാജസ്ഥാൻ 200 കടക്കുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.