May 6, 2026

വീണ്ടും ഹീറോയായി സഞ്ജു : ഡല്‍ഹിക്കെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം നേടി ചെന്നൈ

Share

 

ഡല്‍ഹി : മലയാളി സൂപ്പര്‍ താരം സഞ്ജു സാസണ്‍ ഒരിക്കല്‍ക്കൂടി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അന്തകനായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മിന്നും ജയം.

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സിഎസ്‌കെ ആഘോഷിച്ചത്.

ഇതോടെ 10 പോയിന്റുമായി പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കുകയും ചെയ്തിരിക്കുകയാണ് അവര്‍. തലപ്പത്തുള്ള പഞ്ചാബ് കിങ്‌സിനേക്കാള്‍ മൂന്നു പോയിന്റ് മാത്രം പിറകിലാണ് സിഎസ്‌കെ.

 

അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 156 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യമാണ് ചെന്നൈക്കു ഡിസി നല്‍കിയത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (6), ഉര്‍വില്‍ പട്ടേല്‍ (17) എന്നിവരെ തുടത്തത്തില്‍ നഷ്ടമായെങ്കിലും നങ്കൂരമിട്ട് കളിച്ച സഞ്ജു പുറത്താവാതെ 87 റണ്‍സോടെ ടീമിന്റെ ഹീറോയായി മാറി.

 

52 ബോളില്‍ ഏഴു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ മാച്ച്‌ വിന്നിങ്‌സ്. തുടരെ രണ്ടാമത്തെ മാച്ചിലും കാര്‍ത്തിക് ശര്‍മ (41*) ബാറ്റിങില്‍ കസറി. 31 ബോളുകള്‍ നേരിട്ട യുവതാരം നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു.

 

മൂന്നാം വിക്കറ്റില്‍ സഞ്ജു-കാര്‍ത്തിക് ജോടി 66 ബോളില്‍ അടിച്ചെടുത്ത 114 റണ്‍സാണ് സിഎസ്‌കെയുടെ വിജയത്തിന് അടിത്തറയിട്ടത്. 17.3 ഓവറില്‍ രണ്ടു വിക്കറ്റിന് സിഎസ്‌കെ അനായാസം ജയത്തിലെത്തി. നേരത്തേ ചെപ്പോക്കില്‍ ഡിസിയെ സിഎസ്‌കെ തുരത്തിയപ്പോഴും സഞ്ജുവായിരുന്നു വിജയശില്‍പ്പി. അന്നു പുറത്താവാതെ 115 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസിനു ശേംഷം ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഉജ്ജ്വല ബൗളിങിലൂടെ ഏഴു വിക്കറ്റിനു 155 റണ്‍സില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിടിച്ചുകെട്ടി. ഡിസി നിരയില്‍ ഒരാളെ പോലും ഫിഫ്റ്റി തികയ്ക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ അനുവദിച്ചില്ല.

 

ഇംപാക്‌ട് പ്ലെയറായെത്തിയ സമീര്‍ റിസ്വിയാണ് പുറത്താവാതെ 40 റണ്‍സുമായി ടീമിന്റെ മാനംകാത്തത്. 24 ബോളില്‍ നാലു സിക്‌സറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍. 31 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വേറെയാര്‍ക്കും 20 റണ്‍സ് പോലുമെത്താനായില്ല.

 

പതും നിസങ്ക (19), കെഎല്‍ രാഹുല്‍ (12), നിതീഷ് റാണ (15), കരുണ്‍ നായര്‍ (13), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (2), അശുതോഷ് ശര്‍മ (14) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ പിഴുത സിഎസ്‌കെ തുടക്കം മുതല്‍ പിടിമുറുക്കി കൊണ്ടിരുന്നു. ഒരു സഖ്യത്തെയും അധികനേരം ക്രീസില്‍ നിര്‍ത്തിയതുമില്ല.

 

 

ആദ്യത്തെ അഞ്ചു വിക്കറ്റിലും ഒരു 30 റണ്‍സിന്റെ കൂട്ടുകെട്ട് പോലുമുണ്ടായില്ല. ഇതോടെ 11 ഓവറില്‍ അഞ്ചു വിക്കറ്റിനു 69 റണ്‍സിലേക്കും ഡിസി കൂപ്പുകത്തി. ഒടുവില്‍ ആറാം വിക്കറ്റില്‍ സ്റ്റബ്‌സ്- റിസ്വി ജോടി 47 ബോളില്‍ നേടിയ 65 റണ്‍സാണ് ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.

 

സിഎസ്‌കെയ്ക്കു വേണ്ടി നൂര്‍ അഹമ്മദ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ അക്കീല്‍ ഹൊസെയ്ന്‍, മുകേഷ് ചൗധരി, ഗുര്‍ജപ്‌നീത് സിങ്, ജാമി ഒവേര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും ചില മാറ്റങ്ങളുമായാണ് രണ്ടു ടീമുകളും ഇറങ്ങിയത്.

 

കൈല്‍ ജാമിസണിനു പകരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ലുംഗി എന്‍ഗിഡിയെ ഡിസി തിരികെ വിളിച്ചു. എന്നാല്‍ പരിക്കേറ്റ രാമകൃഷ്ണ ഘോഷ് സിഎസ്‌കെ നിരയില്‍ ഇല്ലായിരുന്നു. ശിവം ദുബെയെയും ഒഴിവാക്കി. പകരം അക്കീല്‍ ഹൊസെയ്‌നും ഗുര്‍ജപ്‌നീത് സിങും ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

 

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് സിഎസ്‌കെയും ഡിസിയും പോരടിച്ചത്. കഴിഞ്ഞ മാസം ചെന്നൈയിലെ ചെപ്പോക്കില്‍ വച്ച്‌ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്നു 23 റണ്‍സിന്റെ വിജയവുമായി സിഎസ്‌കെയാണ് കരുത്തുകാട്ടിയത്. സഞ്ജു സാംസണിന്റെ (115*) തകര്‍പ്പന്‍ സെഞ്ച്വറി ജയത്തിന് അടിത്തറയിടുകയും ചെയ്തു.

 

പ്ലെയിങ് ഇലവന്‍

 

ഡല്‍ഹി ക്യാപിറ്റല്‍സ്-കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, കരുണ്‍ നായര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, നിതീഷ് റാണ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, ലുങ്കി എന്‍ഗിഡി, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ടി നടരാജന്‍.

 

ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ജാമി ഒവേര്‍ട്ടണ്‍, അക്കീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിംഗ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.