April 14, 2026

എല്‍നിനോ വരുന്നു , കേരളത്തില്‍ എടവപ്പാതി പിണങ്ങും ; മഴ കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Share

 

തിരുവനന്തപുരം: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന ‘എല്‍നിനോ’ പ്രതിഭാസമാണ് മഴക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ ദക്ഷിണേന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും മഴയില്‍ കുറവുണ്ടാകാനാണ് സാധ്യത.

 

ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ എല്‍നിനോ രൂപപ്പെട്ടേക്കാം. ഇത് ഇന്ത്യയിലെ കാലവർഷത്തിന്റെ ശക്തി കുറയ്ക്കും. രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂ. ഇത് ‘സാധാരണയില്‍ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കാലവർഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും മഴക്കുറവ് കൂടുതല്‍ പ്രകടമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാല്‍ അറിയിച്ചു.

 

എല്‍നിനോ വർഷങ്ങളായ 2016-ലും 2024-ലുമാണ് മുൻപ് കേരളത്തില്‍ ഉഷ്ണതരംഗം അനുഭവപ്പെട്ടത്. ഇത്തവണയും എല്‍നിനോ സ്വാധീനം ശക്തമാകുന്നതോടെ ചൂട് കഠിനമാകാനും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നിലവില്‍ വേനല്‍മഴയില്‍ ഉണ്ടായിട്ടുള്ള കുറവ് ആശങ്ക വർധിപ്പിക്കുന്നു.

 

കാലാവസ്ഥാ വകുപ്പ് മഴക്കുറവ് പ്രവചിക്കുമ്പോള്‍, സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ ‘സ്കൈമെറ്റ്’ ഇത്തവണ കേരളത്തില്‍ സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കാലവർഷം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

 


Share
Copyright © All rights reserved. | Newsphere by AF themes.