ഫാസ്ടാഗിന് ഇന്ന് മുതല്‍ ഈ രേഖകള്‍ വേണ്ട ! നൂലാമാലകള്‍ ഒഴിവാക്കി
രാജ്യത്തെ ഫാസ്ടാഗ് സംവിധാനം കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സുപ്രധാനമായ നിയമപരിഷ്‌കാരം നടപ്പാക്കി.
ഇന്ന് മുതല്‍ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ക്കായി ഇഷ്യൂ ചെയ്യുന്ന പുതിയ ഫാസ്ടാഗുകള്‍ക്ക് ‘നോ യുവര്‍ വെഹിക്കിള്‍’ (KYV) വെരിഫിക്കേഷന്‍ നടപടികള്‍ ആവശ്യമില്ല. ഉപഭോക്താക്കളുടെ പരാതികള്‍ പരിഗണിച്ചാണ് ഈ തീരുമാനം. ഫാസ്ടാഗ് വിതരണത്തിലെ കാലതാമസം ഒഴിവാക്കാനും രേഖകള്‍ സമര്‍പ്പിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനുമാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. മുമ്പ് ഫാസ്ടാഗ് ലഭിച്ച ശേഷം വാഹനത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ KYV നടപടികള്‍ നിര്‍ബന്ധമായിരുന്നു.
പലപ്പോഴും സാധുതയുള്ള ആധികാരിക രേഖകള്‍ കൈവശമുണ്ടായിട്ടും വീണ്ടും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഫോട്ടോസ് എന്നിവ അപ്ലോഡ് ചെയ്ത് ടാഗ് റീവെരിഫൈ ചെയ്യേണ്ടി വരുന്നത് ഉപഭോക്താക്കളെ വലച്ചിരുന്നു. പുതിയ നിയമപ്രകാരം ഫാസ്ടാഗ് അനുവദിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം ബാങ്കുകള്‍ക്കായിരിക്കും. ഫാസ്ടാഗ് ഇഷ്യൂ ചെയ്ത് നല്‍കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും ബാങ്കുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
സര്‍ക്കാര്‍ ഡാറ്റാബേസായ ‘വാഹന്‍’ (VAHAN) വഴി വിവരങ്ങള്‍ ശേഖരിച്ചാണ് വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത്. വാഹന്‍ ഡാറ്റ ബേസില്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ മാത്രം ആര്‍സി ബുക്ക് പരിശോധിച്ചാല്‍ മതിയാകും. ഫാസ്ടാഗ് അനുവദിക്കപ്പെട്ട വാഹനവുമായി തന്നെ ലിങ്ക് ചെയ്താണോ ടാഗ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താനാണ് മുമ്പ് KYV ഏര്‍പ്പെടുത്തിയിരുന്നത്. ടാഗുകളുടെ ദുരുപയോഗം തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഫാസ്ടാഗ് കാര്‍ഡുകളില്‍ വലിയ തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് തടയാന്‍ വേണ്ടി സ്വീകരിച്ച നടപടിയായിരുന്നു അത്. ചെറിയ കാറുകള്‍ക്കായി വാങ്ങിയ ഫാസ്ടാഗ് കാര്‍ഡുകള്‍ വലിയ വാണിജ്യ വാഹനങ്ങളില്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ണ്ടെത്തിയത്. വാഹനത്തിന്റെ ഇനം അനുസരിച്ച് ടോള്‍ നിരക്കില്‍ വ്യത്യാസമുള്ളതിനാല്‍, കുറഞ്ഞ ടോള്‍ നല്‍കുന്നതിനായാണ് ചില വാണിജ്യ വാഹന ഉടമകള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നത്.
ചിലര്‍ ഒന്നിലധികം വാഹനങ്ങള്‍ക്കുള്ള ടാഗുകള്‍ കൈവശം വെച്ച് ഓരോ ടോള്‍ പ്ലാസയിലും മാറ്റി മാറ്റി ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നു. ഇത് തടയാന്‍ വേണ്ടിയാണ് ഫാസ്ടാഗ് ഉപയോക്താക്കള്‍ തങ്ങളുടെ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ വേണ്ടി KYV വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ അധിക പരിശോധന ഫാസ്ടാഗ് ആക്ടിവേഷന്‍ വൈകിപ്പിക്കുന്നതിനും സാങ്കേതിക തകരാറുകള്‍ക്കും കാരണമായതോടെ ഇത് ഒഴിവാക്കാന്‍ ഹൈവേ അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
ഇനി മുതല്‍ പുതിയ ടാഗ് എടുക്കുന്നവര്‍ക്ക് അത് വാങ്ങിയ ഉടന്‍ തന്നെ ഉപയോഗിച്ച് തുടങ്ങാം. ആക്ടിവേഷനായി വീണ്ടും ബാങ്കിലോ കസ്റ്റമര്‍ കെയറിലോ ബന്ധപ്പെടേണ്ടി വരില്ല. നിലവില്‍ ടാഗ് ഉപയോഗിക്കുന്നവര്‍ക്കും ഈ മാറ്റം ആശ്വാസമാകും. കൃത്യമായ പരാതികള്‍ ലഭിച്ചാല്‍ മാത്രമേ ഇനി മുതല്‍ വാഹനത്തിന്റെ വിവരങ്ങള്‍ റീവെരിഫിക്കേഷന്‍ ചെയ്യുന്ന സാഹചര്യം ഉണ്ടാകൂ.
ടാഗ് ദുരുപയോഗം ചെയ്യുകയോ, വേറെ വാഹനത്തില്‍ ഘടിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഇനി പ്രത്യേക അന്വേഷണം നടക്കുക. അല്ലാത്തപക്ഷം വാഹന ഉടമകള്‍ക്ക് യാതൊരു തടസവുമില്ലാതെ ടോള്‍ പ്ലാസകള്‍ കടന്നുപോകാന്‍ സാധിക്കും. ബാങ്കുകള്‍ തന്നെ പ്രാഥമിക പരിശോധനകള്‍ നടത്തുന്നതിനാല്‍ സിസ്റ്റത്തിലെ പിഴവുകള്‍ ഗണ്യമായി കുറയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കാനും സാധിക്കും. വാഹനത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നതും ആവര്‍ത്തിച്ച് രേഖകള്‍ സമര്‍പ്പിക്കുന്നതും ഒഴിവാക്കുന്നത് പ്രായോഗികമായി വലിയ മാറ്റമുണ്ടാക്കും. ടോള്‍ പിരിവ് സംവിധാനം കുറ്റമറ്റതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നടപടി.
ഫാസ്ടാഗ് ഉപയോക്താക്കള്‍ പുതിയ മാറ്റങ്ങള്‍ കൃത്യമായി മനസിലാക്കണമെന്നും ഔദ്യോഗിക ബാങ്ക് വെബ്സൈറ്റുകള്‍ വഴി മാത്രം വിവരങ്ങള്‍ കൈമാറണമെന്നും NHAI നിര്‍ദേശിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ടോള്‍ പ്ലാസകളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്.
