കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം : ഒറ്റഘട്ടമായി നടത്താനും ആലോചന
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചനാ നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഇതിനു മുന്നോടിയായി അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും. സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചർച്ചകള്‍ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്‍റെയും സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന ചർച്ചകളും പുരോഗമിക്കുകയാണ്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്നത്. മാർച്ച് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പരമാവധി വോട്ടർമാരെ വോട്ടർപട്ടികയില്‍ ഉള്‍പ്പെടുത്താനും എസ്‌ഐആർ പ്രവർത്തനങ്ങള്‍ ലക്ഷ്യാപ്രാപ്തിയിലെത്തിക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കി കഴിഞ്ഞു. 2026 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂർത്തിയായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങള്‍ നടത്താനാണ് കമ്മീഷൻ നിർദേശം നല്‍കിയിരിക്കുന്നത്.
എസ്‌ഐആറിന്‍റെ ഭാഗമായി വോട്ടുകള്‍ നഷ്ടമാകാതിരിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി നേതൃത്വവും അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. എസ്‌ഐആറിന്‍റെ ഭാഗമായി ആരുടെയും വോട്ടുകള്‍ നഷ്ടമാകാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാരും നിർദേശം നല്‍കിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേക ക്യാന്പുകളും ഹിയറിംഗുകളും ദ്രുതഗതിയില്‍ നടത്താനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്തവണ കൂടുതല്‍ കന്പനി കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുതല്‍ പോലീസ് ഫോഴ്സിനെയും സുരക്ഷയ്ക്കായി നിയോഗിക്കും. 200 കന്പനിയില്‍പ്പരം കേന്ദ്രസേന കേരളത്തില്‍ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്തിയേക്കും. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുഖ്യധാര രാഷ്ട്രീയപാർട്ടികളും കളത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയചർച്ചകള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
