December 18, 2025

വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

Share

 

കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക്, ബൂത്ത്തല ഓഫീസര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

 

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിനകം ബി.എല്‍.എയ്ക്ക് ഒരു ദിവസം 50 അപേക്ഷകള്‍ വരെ ബി.എല്‍.ഒയ്ക്ക് നല്‍കാം. കരട് പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പ്രതിദിനം 10 അപേക്ഷകള്‍ മാത്രമായിരിക്കും നല്‍കാന്‍ സാധിക്കുക.

 

സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ പട്ടികകള്‍ ഇതിനോടകം ബി.എല്‍.ഒമാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. പട്ടികകളിലെ തിരുത്തലുകള്‍ ഇന്ന് (ഡിസംബര്‍ 18) പൂര്‍ത്തിയാക്കും. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും പട്ടിക പ്രസിദ്ധീകരിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബി.എല്‍.ഒമാര്‍ക്കും പട്ടിക ലഭിക്കും. പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിച്ച് പട്ടികയില്‍ പേരില്ലാത്തതിന്റെ കാരണങ്ങള്‍ അറിയാന്‍ സാധിക്കും.

 

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 22 വരെ സമര്‍പ്പിക്കാം. എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകള്‍ നിശ്ചിത സമയത്ത് നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഈ കാലയളവില്‍ ഫോം 6 ഉം സത്യവാങ്മൂലവും സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാന്‍ ഫോം 6 ഉം, പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കാന്‍ ഫോം 6-എയും, മരണം, താമസം മാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കുന്നതിന് ഫോം 7 ഉം, വിലാസം മാറ്റല്‍, മറ്റ് തിരുത്തലുകള്‍ക്ക് ഫോം 8 മാണ്് ഉപയോഗിക്കേണ്ടത്. ഫോമുകളെല്ലാം. voters.eci.gov.in ല്‍ ലഭിക്കും.

 

ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഹിയറിങിന് വിളിക്കും. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാളെ ഹിയറിങിന് ശേഷം പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഉത്തരവ് പുറത്തിറങ്ങി 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. അപ്പീലിലെ ഉത്തരവ് ശേഷം 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാനും അവസരമുണ്ട്.

 

എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങള്‍, പരാതി തീര്‍പ്പാക്കല്‍ എന്നിവ ഡിസംബര്‍ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെ നടക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും അവസരമുണ്ടാകും. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാന്‍ എല്ലാവരും അവസരം ഉപയോഗപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.