പടിക്കംവയലിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു
പച്ചിലക്കാട് പടിക്കംവയലിൽ കൃഷിയിടത്തിൽ കണ്ട കടുവയ്ക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. കൃഷിയിടത്തിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കാപ്പിത്തോട്ടങ്ങളിലാണ് കടുവയുള്ളതെന്ന നിഗമനത്തിൽ കടുവ കണ്ടെത്തുന്നതിനായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. ഇന്നലെ രാത്രി സമീപത്തെ വിവിധ ഭാഗങ്ങളിൽ എത്തിയതായി അഭ്യൂഹം പരന്നിരുന്നു. ഇന്നലെ വൈകുന്നേരം കടുവയുടെ ചിത്രം വനം വകുപ്പിൻ്റെ തെർമ്മൽ ഡ്രോണിൽ പതിഞ്ഞിരുന്നു. രാത്രി വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് കടുവയെ നിരീക്ഷിച്ചിരുന്നു. നിലവിൽ വിവിധ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ടീമുകളായി തിരിഞ്ഞ് കടുവയെ കണ്ടെത്താനാണ് ശ്രമം. കുങ്കിയാനയെ സ്ഥലത്തെത്തിച്ച് കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.
അതേ സമയം, പച്ചിലക്കാട്ടെ കടുവ ചീക്കല്ലൂരിൽ എത്തിയെന്ന് അഭ്യൂഹം ഉണ്ട്. ചീക്കല്ലൂരിലെ കേശവമാരാരെ തോട്ടത്തിൽ കാപ്പി പറിക്കുകയായിരുന്ന തൊഴിലാളികൾ കടുവയെ കണ്ടെന്നാണ് വിവരം. വനപാലകരും പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
