സീബ്രാ ക്രോസിങ്ങിൽ വാഹനം നിര്‍ത്തിയില്ലെങ്കില്‍ 2000 രൂപ പിഴ ; ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കി ഗതാഗത കമ്മിഷണര്‍
സീബ്രാ ക്രോസിങ്ങില്‍ റോഡ് മുറിച്ചുകടക്കാൻ വാഹനം നിർത്തിയില്ലെങ്കില്‍ ഡ്രൈവർമാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നല്‍കി ഗതാഗത കമ്മിഷണർ. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള നടപടികള്‍ കര്‍ശനമാക്കാനാണ് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജുവിന്റെ നിര്‍ദേശം. എംവി നിയമം 184 പ്രകാരം 2000 രൂപ പിഴ ഈടാക്കാനും തീരുമാനം.
സീബ്രാ ക്രോസിങ്ങിലും ഫുട്‍പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകള്‍ വഴി ആളുകള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാന്‍ തയാറാകാത്തത് നിരവധി അപകടങ്ങള്‍ക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരു ഭാഗത്ത് റോഡ് മറികടക്കാന്‍ ആളുകള്‍ നില്‍ക്കുന്നതു കണ്ടാല്‍ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്നു മീറ്റര്‍ അകലെയെങ്കിലും വാഹനം നിര്‍ത്തണം. എന്നാല്‍ പലരും സ്പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാല്‍നട യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 800 കാല്‍നട യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ പകുതിയും മുതിര്‍ന്ന പൗരന്മാരാണ്.
