November 13, 2025

കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വില്പന : നാലുപേർ പിടിയിൽ

Share

 

പുൽപ്പള്ളി : കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത്‌ റേഞ്ച് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇരുളം പുൽപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ പി അബ്ദുൽ ഗഫൂർ, എ. നിജേഷ് എന്നിവർ ചേർന്ന് പിടികൂടി.

 

ഇക്കഴിഞ്ഞ ശനിയാഴ്‌ച കാപ്പിസെറ്റ്, ചാമപ്പാറ ഭാഗങ്ങളിൽ നിന്നും കാട്ടിറച്ചി വില്പന നടത്തിയവരും വാങ്ങിയവരുമായ ആറുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. 50 കിലോയിൽ അധികം ഇറച്ചിയും തോക്കും സാമഗ്രികളും പിടികൂടിയിരുന്നു. അതിൽ പെട്ട വേട്ടയ്ക്ക് കർണാടക വനത്തിൽ തോക്കുകളുമായി പോയ 4 പേരെയാണ് ഒളിവിൽ താമസിച്ചുവരവേ ശശിമല, ചാമപ്പാറ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. പ്രതികളിൽ നിന്നും തോക്കും തിരകളും പത്തോളം കത്തികളും അടക്കം കണ്ടെടുക്കുകയും തെളിവെടുപ്പിന്റെ ഭാഗമായി വനത്തിൽ എത്തിച്ചതിൽ കാട്ടുപോത്തിന്റെ തലയും കൈകാലുകളും അസ്ഥികളുമടക്കം ജഡാവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

 

ചണ്ണോത്ത്കൊല്ലി കലവനാകുന്നേൽ അഭിലാഷ്. കെ. ടി (41), കുന്നത്ത് കവല തകരക്കാട്ടിൽ സണ്ണി തോമസ് (51), ശശിമല മാടപ്പള്ളിക്കുന്ന് ഇരിക്കാലിക്കൽ വീട് സജീവൻ. ഐ. ബി (49), കാപ്പിസെറ്റ് എസ്. ടി. കോളനി തെക്കേടത്ത് വീട് വിനേഷ്. ടി. ആർ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ബത്തേരി ജെ.എഫ്.സി.എം.II കോടതി മുമ്പാകെ ഹാജരാക്കി. കേസിൽ ഇനിയും വേട്ടക്കായി പോയവരും കാട്ടിറച്ചി വിൽപനയിൽ ഏർപ്പെട്ടവരുമായ പ്രതികൾ പിടികൂടാൻ ഉണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും സൗത്ത്‌ വയനാട് ഡി. എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു. അനേഷണ സംഘത്തിൽ ഒ.രാജു , പ്രബീഷ്, പി.എസ്.ശ്രീജിത്, വിനീഷ് കുമാർ, അനന്തു,അരുൺ, കുമാരൻ, സതീഷ്, രാജീവൻ തുടങ്ങിയ വനപാലകരും കർണാടക വനപാലകരും ഉണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.