November 5, 2025

ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ നടത്തിയത് വൻ തട്ടിപ്പ് : 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നു – രാഹുല്‍ ഗാന്ധി

Share

 

ദില്ലി : ഹരിയാനയില്‍ വൻ അട്ടിമറിയെന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഢാലോചന നടന്നുവെന്നും വാർത്താ സമ്മേളനത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

ബ്രസീലിയൻ മോഡലിൻ്റെ പേരിലും കള്ളവോട്ട് നടന്നു. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തില്‍ അധികം ബള്‍ക്ക് വോട്ടുകളുമായിരുന്നു. എട്ടില്‍ ഒന്ന് വോട്ടുകള്‍ ഹരിയാനയില്‍ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോണ്‍ഗ്രസ് തോറ്റു. സീമ, സ്വീറ്റി, സരസ്വതി എന്നി പേരുകളിലായി ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും രേഖകള്‍ പ്രദർശിപ്പിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

 

ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടത്. ഒരേ ഫോട്ടോ ഉപയോഗിച്ച്‌ ഒരു സ്ത്രീ 100 തവണയും ഒരു സ്ത്രീ 223 തവണയും വോട്ട് ചെയ്തു. ഇത് കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ഫൂട്ടേജ് പുറത്ത് വിടാത്തത്. 1,24,177 വോട്ട് ഫേക്ക് ഫോട്ടോ ഉപയോഗിച്ച്‌ നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ നീക്കാൻ സംവിധാനം ഉണ്ട്. സഹോദരങ്ങളുടെ പേരില്‍ പലയിടങ്ങളില്‍ വോട്ടുകള്‍ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കാൻ നടത്തിയത് വലിയ തട്ടിപ്പ് ആണ്. വ്യാജ വോട്ട് ചെയ്തവരില്‍ ആയിരക്കണക്കിന് പേര് മറ്റു സംസ്ഥാനങ്ങളിലും വോട്ട് ഉളളവരാണ്. യുപിയില്‍ നിന്നുള്ള ബിജെപി വോട്ടുകള്‍ ഹരിയാനയില്‍ എത്തി. യുപിയിലെ ബിജെപി പ്രവർത്തകൻ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചു.

 

വീട് ഇല്ലാത്തവരുടെ ആണ് സീറോ എന്ന് രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കള്ളം പറഞ്ഞു. വീട് ഉള്ളവരും സീറോ എന്ന അഡ്രസ്സിലാണ്. ജനങ്ങളോട് കള്ളം പറയുകയാണ് കമ്മീഷൻ. 150-ാം നമ്ബർ വീട് ബിജെപി നേതാവിൻ്റേതാണ്. 66 പേർക്ക് ഈ വീട്ടില്‍ വോട്ടുണ്ട്. പല്‍വിലെ ബിജെപി നേതാവിന്റെ വീട്ടിലെ വിലാസത്തിലാണ് 66 വോട്ടുകള്‍ ഉള്ളത്. റായിലെ ചെറിയ വീട്ടില്‍ 108 വോട്ടുണ്ട്. ഇതൊക്കെ കമ്മീഷൻ പരിശോധിച്ചോ എന്നും 10 പേരിലധികം വോട്ടർ ലിസ്റ്റില്‍ ഉള്ളവരുടെ വീട്ടില്‍ പോയി പരിശോധിക്കണമെന്നാണ് നിയമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മൂന്നര ലക്ഷം വോട്ടുകള്‍ ഒഴിവാക്കി. ഭൂരിഭാഗവും കോണ്‍ഗ്രസ് വോട്ടുകളായിരുന്നു. റായ് മണ്ഡലത്തിലെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങള്‍ പുറത്തു വിട്ട രാഹുല്‍, ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവർക്ക് നിയമസഭയില്‍ വോട്ട് ഇല്ലെന്നും പറഞ്ഞു. ഹരിയാനയില്‍ നടന്നത് തെരഞ്ഞെടുപ്പ് അല്ല മോഷണമാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇതിന് ആയുധമാകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നുവെന്നും അടുത്തത് ബീഹാറില്‍ ആണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

 


Share
Copyright © All rights reserved. | Newsphere by AF themes.