November 4, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും പേര് ചേര്‍ക്കാം, പ്രവാസികള്‍ക്കും അവസരം

Share

 

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ വീണ്ടും അവസരം. ഇന്നും നാളെയും ( നവംബർ 4, 5 തീയതികളില്‍) വോട്ടർപട്ടികയില്‍ പേര് ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാനാണ് അവസരം.

 

2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയില്‍ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളില്‍ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷിക്കാം.

 

ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച്‌ സപ്ലിമെൻ്ററി പട്ടികകള്‍ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകള്‍ അംഗീകൃത രാഷ്ട്രീയപാർട്ടികള്‍ക്ക് സൗജന്യമായി നല്‍കും. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകള്‍ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകള്‍ പ്രകാരവുമാണ് ഈ അവസരം നല്‍കുന്നത്.

 

2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7), പ്രവാസി വോട്ടർപട്ടികയില്‍ പേരു ചേർക്കുന്നതിനും (ഫാറം 4 A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

 

ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഹിയറിങ്ങിനുള്ള കമ്ബ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും (ഫാറം 5, ഫാറം 8) അപേക്ഷിക്കാം.

 

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. വിവിധ രാഷ്ട്രീയ പാർട്ടികള്‍ സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നു കഴിഞ്ഞു. തിരുവനന്തപുരം കോർപറേഷനില്‍ കെഎസ് ശബരീനാഥൻ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.