October 25, 2025

തുലാവര്‍ഷത്തോടൊപ്പം കേരളത്തിലേക്ക് ചുഴലിക്കാറ്റ് ഭീഷണിയും : നാളെ ശക്തിപ്രാപിക്കും

Share

 

കലിതുള്ളിപ്പെയ്യുന്ന തുലാവർഷത്തില്‍ കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമർദമായും ശേഷം ബംഗാള്‍ ഉള്‍ക്കടലിന്‍റെ ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാൻ പോകുന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത'(Mon-tha) എന്നാണ്. എന്നാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവേ മഴയുടെ ശക്തി കുറയാനാണ് സാധ്യത. തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടായിരിക്കും.

 

അറബിക്കടലില്‍ തീവ്ര ന്യൂനമർദം

 

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം ( Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത മണിക്കൂറുകളില്‍ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയില്‍ നീങ്ങാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കര്‍ണാടക – വടക്കൻ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമർദവുമായി ചേർന്നു.

 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത

 

തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഇന്ന് തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും, നാളെ (ഞായറാഴ്ച) തീവ്ര ന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യത.

 

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം – മഞ്ഞ അലർട്ട്

 

25/10/2025: കണ്ണൂർ, കാസറഗോഡ്

 

26/10/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

 

27/10/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

 

28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.