ബത്തേരിയിൽ ഒക്ടോബർ 24 ന് കടയടപ്പുസമരം

ബത്തേരി : ടൗണിൽ പതിറ്റാണ്ടുക ളായി വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന ചുങ്കത്തെ കെട്ടിടത്തിൽ നിന്ന് പത്തോളം വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനും വിവിധവകുപ്പുകളുടെ വ്യാപാരിപീഡനത്തിനുമെതിരേ 24-ന് ബത്തേരിയിൽ കടകളടച്ച് പ്രതിഷേധിക്കുമെന്ന് സുൽത്താൻബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് കടകളടയ്ക്കുന്നത്. രാവിലെ 9.30-ന് കോട്ടക്കുന്നിൽനിന്ന് നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തും.
ട്രസ്റ്റിനുകീഴിലുള്ള കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവരോട് 48 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥർ നോട്ടീസുനൽകിയിട്ടുണ്ട്. വ്യാജസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നഗരസഭാ അധികൃതരുടെ ഒത്താശയോടെ കെട്ടിടം കാലപ്പഴക്കമുള്ളതാണെന്ന് വരുത്തിത്തീർത്താണ് നടപടിയെന്ന് ഭാരവാഹികൾ ആരോപിച്ചു. കെട്ടിടയുടമയുമായി സെറ്റിൽമെന്റ് കാര്യങ്ങൾ മർച്ചൻ്റ്സ് അസോസിയേഷൻ ചർച്ച നടത്തുന്നതിനിടയിലാണ് നഗരസഭാ ക്ലീൻസിറ്റി മാനേജർ നോട്ടീസയച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി വ്യാപാരം നടത്തുന്നവരോട് രണ്ടുദിവസത്തിനുള്ളിൽ ഒഴിയണമെന്നുപറഞ്ഞാൽ അംഗീകരിക്കാനാവില്ല. അധികൃതരുടെ ഒത്താശയോടെ കെട്ടിടമൊഴിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിലും പഴക്കമേറിയ കെട്ടിടങ്ങൾ നഗരസഭയ്ക്കു കീഴിൽത്തന്നെയുള്ളപ്പോളാണ് ഈ നടപടിയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വ്യാപാരികളെ വിവിധതരത്തിൽ പീഡിപ്പിക്കുന്ന സർക്കാർനയത്തിനെതിരേയുള്ള പ്രതിഷേധംകൂടിയാണ് കടയടപ്പെന്ന് നേതാക്കൾ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.വൈ. മത്തായി, ജന. സെക്ര. യൂനുസ് ചേനക്കൽ, യു.പി. ശ്രീജിത്ത്, സി. അബ്ദുൾഖാദർ, വി.കെ. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.