October 13, 2025

തുമ്മല്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? രക്തക്കുഴലുകള്‍ പൊട്ടിയേക്കാം ; അപകടം ക്ഷണിച്ചുവരുത്തരുത്

Share

 

 

ശ്വാസകോശത്തിലോ മൂക്കിലോ ഏതെങ്കിലും തരത്തിലുള്ള പ്രകോപിപ്പിക്കുന്ന വസ്തുക്കള്‍ എത്തുമ്പോള്‍ അവയെ പുറന്തള്ളാനുള്ള ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ പ്രവർത്തനമാണ് തുമ്മല്‍. പൊടി, പൂമ്പൊടി, വൈറസ് തുടങ്ങിയവ മൂലമോ അല്ലെങ്കില്‍ അലർജി കാരണമായോ തുമ്മല്‍ ഉണ്ടായേക്കാം. ഈ വസ്തുക്കളോട് ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിൻ്റെ ഫലമാണിത്.

 

എന്നാല്‍, പലപ്പോഴും പൊതുസ്ഥലങ്ങളിലോ മറ്റോ വെച്ച്‌ നമ്മള്‍ ഈ തുമ്മല്‍ പിടിച്ചുവെക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള ശീലമുള്ളവർ ശ്രദ്ധിക്കുക, ഇത് വലിയ അപകടസാധ്യതകള്‍ക്ക് കാരണമായേക്കാം. തുമ്മലിനെ തടഞ്ഞുനിർത്തുമ്ബോള്‍ ശരീരത്തിനുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.

 

ഇയര്‍ഡ്രം പൊട്ടിപോകാനുള്ള സാധ്യത

 

തുമ്മല്‍ പിടിച്ച്‌ വെക്കാന്‍ ശ്രമിക്കുന്നത് ചെവിയിലെ ഇയര്‍ഡ്രം പൊട്ടിപോവാന്‍ കാരണമായേക്കാം. വലുതോ ചെറുതോ ആയ സുഷിരങ്ങള്‍ വീഴുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇത് നിങ്ങളുടെ കേള്‍വി ശക്തിയെ ബാധിച്ചേക്കാം.

 

ചെവിയിലെ ഇന്‍ഫെക്ഷന്‍

 

തുമ്മല്‍ ശരീരത്തിന് പുറത്തേക്ക് കളയുന്നത്, അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ പുറന്തള്ളാൻ വേണ്ടിയാണ്. എന്നാല്‍, ഈ തുമ്മല്‍ പിടിച്ചുവയ്ക്കാൻ ശ്രമിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ വസ്തുകള്‍ നിങ്ങളുടെ ചെവിയിലേക്കോ തൊണ്ടയിലേക്കോ പോകാന്‍ സാധ്യതയുണ്ടായേക്കാം. ഇത് ഇന്‍ഫെക്ഷന് കാരണമായേക്കാം.

 

കണ്ണുകളിലെയോ മൂക്കിലെയോ രക്തക്കുഴലുകള്‍ക്ക് കേടുപാട്

 

തുമ്മല്‍ പിടിച്ചുനിർത്താൻ ശ്രമിക്കുന്നവർ നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്നം രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ്. തുമ്മല്‍ തടയുമ്ബോള്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള ഉയർന്ന സമ്മർദ്ദം കാരണം നിങ്ങളുടെ കണ്ണിലെ അതിലോലമായ രക്തക്കുഴലുകള്‍ പൊട്ടുകയോ കണ്ണിന് ചുവന്ന നിറം വരുകയോ ചെയ്‌തേക്കാം.

 

ബ്രെയിന്‍ അന്യൂറിസത്തിന് വിള്ളല്‍

 

തുമ്മല്‍ സാധാരണയായി ശ്വാസകോശത്തില്‍ നിന്ന് വളരെ ശക്തിയോടെ വായു പുറത്തുവിടുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഇവ പിടിച്ച്‌ നിര്‍ത്തുമ്ബോള്‍ തലച്ചോറിലെ അന്യൂറിസം പൊട്ടാനുള്ള സാധ്യതയേറുന്നു. ഇത് തലച്ചോറിലെ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.