പനമരത്ത് ആയിരങ്ങൾ അണിനിരന്ന് പലസ്തീൻ ഐക്യദാർഢ്യ മഹാറാലി

പനമരം : പലസ്തീനിൽ ലോക ജനതയുടെ മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പനമരത്ത് നടന്ന ഐക്യദാർഢ്യ മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. പനമരം ആര്യന്നൂർനടയിൽ നിന്നും ആരംഭിച്ച മഹാറാലി കെഎസ്എഫ്ഇ ഓഫീസിന് സമീപം അവസാനിച്ചു.
ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടമാകുന്ന നിശ്ചലദൃഷ്യങ്ങളും, വംശീയഹത്യയിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ പ്രതീകാത്മകമായി കൈകളിലേന്തി അമ്മമാരും ജാഥയുടെ ഭാഗമായി. തുടർന്ന് നടന്ന ഐക്യദാർഢ്യ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എൻ.പി. ചേക്കുട്ടി, ബഹുമുഖ പണ്ഡിതൻ മമ്മൂട്ടി നിസാമി തരുവണ, കൺവീനർ മഹേഷ് കൃഷ്‌ണൻ, ട്രഷറർ എം. സുലൈമാൻ ഹാജി, എം.സി. സെബാസ്റ്റ്യൻ, ബെന്നി അരിഞ്ചേർമല, ഷൗക്കത്ത് പള്ളിയാൽ, ടി. ഖാലിദ്, സുബൈർ കടന്നോളി, ജസീർ കടന്നോളി തുടങ്ങിയവർ സംസാരിച്ചു.