രാവിലെ 1040 രൂപ കൂടി, ഉച്ചയ്ക്കുശേഷം 640 രൂപ കുറഞ്ഞു : മലക്കംമറിഞ്ഞ് സ്വര്‍ണവില

സംസ്ഥാനത്ത് റിക്കാർഡുകള്‍ ഭേദിച്ച് ചരിത്രവിലയിലെത്തിയ സ്വർണവിലയില്‍ ഉച്ചയ്ക്കു ശേഷം ഇടിവ്. രാവിലെ പവന് 1040 രൂപയും ഗ്രാമിന് 130 രൂപയും വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 86,120 രൂപയിലും ഗ്രാമിന് 10,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 70 രൂപ താഴ്ന്ന് 8,855 രൂപയിലെത്തി.
തിങ്കളാഴ്ച രേഖപ്പെടുത്തിയ 85,360 രൂപയെന്ന റിക്കാർഡ് പഴങ്കഥയാക്കിയാണ് ഇന്നു രാവിലെ സ്വർണവില കുതിച്ചുയർന്നത്. രണ്ടുദിവസത്തെ വീഴ്ചയ്ക്കു ശേഷം സ്വർണവില വെള്ളിയാഴ്ച പവന് 320 രൂപയും ശനിയാഴ്ച 440 രൂപയും തിങ്കളാഴ്ച 680 രൂപയും ഉയർന്നിരുന്നു. രണ്ടുദിവസം കൊണ്ട് ഗ്രാമിന് 260 രൂപയും പവന് 2,080 രൂപയും ഉയർന്ന ശേഷമാണ് ഉച്ചയ്ക്കു ശേഷം താഴേക്കിറങ്ങിയത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. ഒരു മാസംകൊണ്ട് പവന് കുതിച്ചുകയറിയത് 9,120 രൂപയാണ്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്ബതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂണ്‍ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒമ്ബതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തില്‍ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഔണ്‍സിന് 3,871.18 ഡോളർ എന്ന സർവകാല ഉയരംതൊട്ട രാജ്യാന്തര വിലയില്‍ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെയാണ് വില താഴേക്കുപോയത്. ഇതോടെ, 3,798 ഡോളറിലേക്ക് വില കൂപ്പുകുത്തി. പിന്നാലെ, കേരളത്തിലും വില താഴുകയായിരുന്നു.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിക്ക് 153 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.