സപ്ലൈകോ വില്‍പ്പന ശാലകള്‍ ചൊവ്വയും ബുധനും തുറക്കും

സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പ്പനശാലകളും ചൊവ്വയും ബുധനും തുറന്നു പ്രവർത്തിക്കും. അവധി ദിവസങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങാൻ ജനങ്ങള്‍ക്ക് അവസരമൊരുക്കാനാണിത്. ഈ മാസം 22 മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയർ എന്നിവ വില കുറച്ചാണ് വില്‍പ്പന നടത്തുന്നത്.
സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണയ്‌ക്ക് ലിറ്ററിന് 20 രൂപയും സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണയ്‌ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക് 359 രൂപയും കേര വെളിച്ചെണ്ണയുടെ വില 429ല്‍ നിന്ന് 419 രൂപയുമാകും.
സബ്‌സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്‌ക്ക് 5 രൂപ വീതമാണ് കുറച്ചത്. യഥാക്രമം 88, 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്‌റ്റോബർ മുതല്‍ 8 കിലോ ശബരി അരിക്കു പുറമെ 20 കിലോ വീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാർഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാർഡുകാർക്കും ആനുകൂല്യം ലഭിക്കുമെന്ന് മാർക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനെജർ അറിയിച്ചു.
അതേസമയം ബുധനാഴ്‌ച ഡ്രൈ ഡേയും വ്യാഴാഴ്‌ച ഗാന്ധി ജയന്തിയും ആയതിനാല്‍ രണ്ടു ദിവസം മദ്യ വില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്കെടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാകും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം. കണ്‍സ്യൂമർഫെഡിന്‍റെ ഔട്ട്‌ലെറ്റുകള്‍ക്ക് ചൊവ്വാഴ്ച സാധാരണ പ്രവർത്തി സമയമായിരിക്കും.