അമീബിക് മസ്തിഷ്കജ്വരം : സംസ്ഥാനത്ത് ഇതുവരെ 17 മരണം, 66 പേര്‍ രോഗബാധിതര്‍ ; കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

ഈ വർഷം 17 പേർ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. നേരത്തെ 2 മരണങ്ങള്‍ മാത്രമേ സ്ഥിരീകരിച്ചിരുന്നുള്ളൂ. 66 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 18 ആയിരുന്നു. ഇന്നലെ മാത്രം 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 19 പേർക്ക് ആണ് രോഗം ബാധിച്ചത്, ഇതില്‍ 7 പേർ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മലപ്പുറം അരീക്കോട് സ്വദേശിയായ 10 വയസ്സുകാരിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടി ഉള്‍പ്പെടെ 11 പേർ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
അമീബിക് മസ്തിഷ്കജ്വരം എന്താണ്?
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങുകയും നീന്തുകയും ചെയ്യുന്നവരില്‍ കാണപ്പെടുന്ന വളരെ അപൂർവമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. അമീബ വിഭാഗത്തില്‍പ്പെട്ട നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്ബോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങളിലൂടെയോ കർണപടലത്തിലെ ഒരു ദ്വാരത്തിലൂടെയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്ക് ഉണ്ട്.
രോഗം വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് ഇത് പകരുന്നില്ല. വെള്ളത്തിലിറങ്ങുമ്ബോള്‍ അടിയിലുള്ള ചെളിയുള്ള വെള്ളവുമായി അമീബ കലർന്ന് മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. രോഗബാധിതനാണെങ്കില്‍, ഒന്ന് മുതല്‍ ഒമ്ബത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൃത്തിഹീനമായ കുളത്തില്‍ കുളിക്കരുത്
പായലുകള്‍, മൃഗങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയാല്‍ മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കുക.
മൂക്കില്‍ ശസ്ത്രക്രിയ, തലയ്ക്ക് പരിക്കേറ്റവർ, തലയില്‍ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയരായവർ പ്രത്യേകം ശ്രദ്ധിക്കണം.
ചെവിയില്‍ പഴുപ്പുള്ളവർ കുളങ്ങളിലും അരുവികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ മുങ്ങുന്നതും പരമാവധി ഒഴിവാക്കണം.
വാട്ടർ തീം പാർക്കുകളിലും നീന്തല്‍ക്കുളങ്ങളിലുമുള്ള വെള്ളം ക്ലോറിനേറ്റ് ചെയ്തതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും മുകളിലേക്ക് വലിക്കുകയോ ചെയ്യരുത്. മൂക്കിലേക്ക് വെള്ളം കയറുന്നത് തടയാൻ ഒരു നാസല്‍ ക്ലിപ്പ് ഉപയോഗിക്കുക.
ലക്ഷണങ്ങള്‍
കടുത്ത തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കുന്നതില്‍ ബുദ്ധിമുട്ട്, വെളിച്ചം നോക്കുന്നതില്‍ ബുദ്ധിമുട്ട്. കുട്ടികളില്‍ ഭക്ഷണം കഴിക്കാൻ മടി, അലസത, അസാധാരണമായ പ്രതികരണങ്ങള്‍ എന്നിവയും കാണപ്പെടുന്നു.
രോഗം ഗുരുതരമാണെങ്കില്‍, അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവ സംഭവിക്കുന്നു. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുള്ളവർ ഡോക്ടറെ അറിയിക്കണം. സ്പൈനല്‍ ഫ്ലൂയിഡ് സാമ്ബിള്‍ എടുത്ത് പിസിആർ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയോജനമാണ് ചികിത്സ. മരുന്നുകള്‍ നേരത്തെ ആരംഭിച്ചാല്‍ രോഗം ഭേദമാക്കാൻ കഴിയും.