വയോധികനെ മർദിച്ച് പരിക്കേൽപ്പിച്ചു : രണ്ടുപേർ അറസ്സിൽ

തലപ്പുഴ : വയോധികനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ തലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. മക്കിമല ആറാംനമ്പർ പാടിയിലെ മുരുകേശൻ (51), പുഷ്പരാജ് (54) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോദരങ്ങളാണ്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മക്കിമല ആറാംനമ്പർ പാടിയിലെ മുരുകനാ(65)ണ് പരിക്കേറ്റത്. ഇദ്ദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പുകമ്പി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ച് മാരകമായി പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഇരുകാലുകൾക്കും കൈയ്ക്കും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കുണ്ട്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു.