രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി : സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനില്‍ ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രധാന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇൻഡ്യ സഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ 300 വോട്ടുകള്‍ക്കെതിരെ 452 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത സമ്മർദത്തെ തുടർന്ന് ജഗ്‌ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്. തിരുപ്പുർ സ്വദേശിയായ സി പി രാധാകൃഷ്‌ണൻ ആർഎസ്‌എസ് പ്രവർത്തകനായി തുടങ്ങി ജനസംഘില്‍ എത്തി.
1980ല്‍ ബിജെപി രൂപീകരിച്ചശേഷം തമിഴ്‌നാട്ടില്‍ പല സംഘടനാ പദവികളും വഹിച്ചു. 1998ല്‍ കോയന്പത്തൂരില്‍നിന്ന് ലോക്‌സഭയിലെത്തി. ജാർഖണ്ഡ്, തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്. ഗവർണർ പദവികളും വഹിച്ചിട്ടുണ്ട്. 2024 ജൂലൈയില്‍ മഹാരാഷ്ട്ര ഗവർണറായി. മഹാരാഷ്ട്ര ഗവർണറായിരുന്ന രാധാകൃഷ്‌ണൻ ആ പദവി രാജിവെച്ചു. ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവവ്രതിന് മഹാരാഷ്ട്രയുടെ കൂടി അധികചുമതല ലഭിച്ചു.