September 8, 2025

വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം : ഒരു മാസത്തിനിടെ 5 മരണം

Share

 

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 56 കാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച്‌ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

 

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ശോഭനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകാരം മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പ്രതിരോധ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ ഊർജ്ജതമാക്കിയിരുന്നു. രോഗത്തിൻ്റെ ഉറവിടം വ്യക്തമായിരുന്നില്ല. കിണർ വെള്ളത്തില്‍ നിന്നാണെന്ന് സംശയത്തെ തുടർന്ന് ക്ലോറിനേഷൻ ഉള്‍പ്പെടെ നടത്തി.

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടെ നിലവില്‍ അമീബിക് മസ്തിഷ്കജ്വര രോഗബാധയില്‍ കോഴിക്കോട്ട് ചികിത്സയിലുള്ളത്. ഇതില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം വർധിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടപടികളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.