കര്‍ണാടകയിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ തീരുമാനം

കർണാടകത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ച്ചേർന്ന മന്ത്രിസഭായോഗമാണ് ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശചെയ്തത്.
ഉടൻ നടക്കാനിരിക്കുന്ന ബെംഗളൂരുവിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ബാലറ്റുപയോഗിച്ചാകുമെന്ന് ഇതിനോട് പ്രതികരിച്ച സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജി.എസ്. സംഗ്രേഷി അറിയിച്ചു.
ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്തുന്നതില്‍ നിയമപരമായ തടസ്സമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിതേടേണ്ട കാര്യമില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെ ഭരണഘടനാസ്ഥാപനമാണെന്നും സംഗ്രേഷി വ്യക്തമാക്കി.
ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്തുക ബുദ്ധിമുട്ടേറിയകാര്യമല്ലെന്നും അദ്ദേഹം അറിയിച്ചു. വോട്ടർമാരോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണിതെന്ന് ബാലറ്റിനെ എതിർക്കുന്ന ബിജെപി ആരോപിച്ചു. ബാലറ്റുപയോഗിച്ചാല്‍ വോട്ടിങ് യന്ത്രങ്ങളെക്കാള്‍ പലമടങ്ങ് തട്ടിപ്പുകള്‍നടക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.