ധര്‍മ്മസ്ഥലയിലെ ബലാത്സംഗ, കൊലപാതക പരമ്പര : വനിതാ സംഘടനകൾ മൗനം വെടിയണം – വിമൻ ഇന്ത്യ മൂവ്മെന്റ്

കൽപ്പറ്റ : ജില്ലയുടെ അയൽ സംസ്ഥാനമായ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നടന്ന കൊലപാതക- ബലാല്‍സംഗ പരമ്പര സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും വനിതാ സംഘടനകൾ മൗനം വെടിയണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി.
1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450-ലധികം പേരെ ചിലരുടെ നിര്‍ദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഭയാനകരമായ സംഭവത്തില്‍ ഭരണകര്‍ത്താക്കളും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ തുടരുന്ന മൗനം അതിലേറെ ഭീകരമാണ്.
1989 ല്‍ സൗജന്യയെന്ന 17 കാരിയെ ബലാല്‍സംഗത്തിന് ഇരയായി ധര്‍മ്മസ്ഥലയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് നാളിതുവരെ നിരവധി ദുരൂഹമരണങ്ങളാണ് ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ടത്.
1998-നും 2014-നും ഇടയില്‍ 100-ഓളം സ്ത്രീകള്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 വര്‍ഷമായി ധര്‍മ്മസ്ഥല പ്രദേശത്ത് കാണാതായ സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍, അസ്വാഭാവിക മരണങ്ങള്‍, കൊലപാതകങ്ങള്‍, ബലാത്സംഗ കേസുകള്‍ തുടങ്ങിയ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജംഷീദ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബബിത ശ്രീനു, മൈമൂന നാസർ, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ, സെക്രട്ടറി മുബീന, ട്രഷറർ സൽമ അഷ്‌റഫ്,സാഹിറ… തുടങ്ങിയവർ സംസാരിച്ചു.