വന്യമൃഗ ശല്യം രൂക്ഷം : റോഡുപരോധിച്ച് മേപ്പാടി താഞ്ഞിലോട് നിവാസികള്‍ ; ലാത്തിവീശി പോലീസ്

മേപ്പാടി : താഞ്ഞിലോട് വന്യമൃഗം ശല്യം രൂക്ഷമായതോടെ പ്രശ്നം ചൂണ്ടിക്കാട്ടി സമരം ചെയ്ത നാട്ടുകാർക്ക് നേരെ പോലീസ് ലാത്തി വീശി. ജനകീയ സമിതി പ്രവർത്തകർക്ക് നേരെയായിരുന്നു പോലീസ് നടപടി. മേഖലയിലെ കാട്ടാനശല്യം ഉള്‍പ്പെടെ വർധിച്ച സാഹചര്യത്തിലായിരുന്നു പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.
ഇന്ന് രാവിലെ 7 മണി മുതലായിരുന്നു മേപ്പാടി – ചൂരല്‍മല പാത നാട്ടുകാർ ഉപരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. കാട്ടാന മുന്നില്‍പെട്ട് അത്ഭുതകരമായി ആളുകള്‍ രക്ഷപ്പെട്ട അനുഭവം പ്രദേശത്തുണ്ട്. വൻ കൃഷി നാശവും സംഭവിക്കുകയാണ്. മൂന്നു മണിക്കൂറോളം ഉപരോധം നീണ്ടു. ഡിഎഫ്‌ഒ അജിത്ത് കെ രാമൻ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി. ജില്ലാ കളക്ടർ നേരിട്ട് എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പോലീസ് നാട്ടുകാർക്ക് നേരെ ലാത്തിവീശിയത്.
സംഭവസ്ഥലത്ത് നിന്ന് ഒൻപത് പേരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എംഎല്‍എ ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും നടത്തിയ ചർച്ചയിലാണ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്. പ്രദേശത്ത് നിന്നും കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡിഎഫ്‌ഒ അജിത് കെ രാമൻ പറഞ്ഞു.