July 14, 2025

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം ? എങ്കില്‍ പണി വരുന്നുണ്ട്

Share

 

തിരുവനന്തപുരം : എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച്‌ തീര്‍ത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ അതുവരെ വാഹനം സൂക്ഷിച്ചതിന്റെ വാടക കൂടി ഈടാക്കും.

 

മോട്ടോര്‍വാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനായി സ്വകാര്യ കേന്ദ്രങ്ങളിലായിരിക്കും വാഹനങ്ങള്‍ സൂക്ഷിക്കുക. പിഴ വകുപ്പിനും വാടക സ്വകാര്യ സംരംഭകനും ലഭിക്കും. തിരുവനന്തപുരം ഈഞ്ചയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് മോട്ടോര്‍വാഹന വകുപ്പ് ഈ രീതിയില്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

 

നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് തടസമായിരുന്നു. പെര്‍മിറ്റും ഫിറ്റ്‌നസും ഇല്ലാത്ത ഓട്ടോറിക്ഷകളും, സാങ്കേതിക പോരായ്മയുള്ള സ്വകാര്യ ബസുകളും ടാക്‌സി കാറുകളും നിരത്തിലുണ്ട്. സൂക്ഷിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ ഉടന്‍ ഇവയും പിടിച്ചെടുക്കും. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും പിഴ ഒടുക്കിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കും. ഇതോടെ പിഴ, നികുതി കുടിശ്ശിക ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.