നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ; വില്ലന്‍, കോമഡി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം

നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 750-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999 മുതല്‍ 2004 വരെ എംഎല്‍എ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
1978 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രണം ഖരീദു’ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് നിരവധി തെലുങ്ക് സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 2003 ല്‍ വിക്രമിനെ നായകനാക്കി പുറത്തിറങ്ങിയ സാമി എന്ന സിനിമയില്‍ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാള്‍ പിച്ചൈ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ‘ദി ട്രെയിൻ’ ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തില്‍ അഭിനയിച്ച ഒരേയൊരു സിനിമ.