July 11, 2025

കുതിച്ചുയർന്ന് തേങ്ങവില : ഇരുപതില്‍ നിന്ന് 75ലെത്തി

Share

 

പച്ചത്തേങ്ങ വില കുതിച്ചുയരുമ്പോഴും പ്രയോജനം ലഭിക്കാതെ കേര കർഷകർ. കഴിഞ്ഞ ആഴ്ചകളില്‍ 72 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോയ്ക്ക് 75 രൂപയിലെത്തിയെങ്കിലും പലരുടെയും കെെയില്‍ വില്‍ക്കാൻ തേങ്ങയില്ലാത്ത സ്ഥിതിയാണ്. സീസണില്‍ പോലും കുറ്റ്യാടി തേങ്ങയടക്കം ആവശ്യത്തിന് ലഭിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനവും വിലയിടിവും കാരണം കേര കർഷകർ കൂട്ടമായി കൃഷി ഉപേക്ഷിച്ചതാണ് ഉത്പാദനത്തിലുണ്ടായ വൻ ഇടിവിന് കാരണമായത്.

 

ഉത്പാദന ചെലവ് ഗണ്യമായി വർദ്ധിച്ചതോടെ പലരും പരിപാലത്തിനുവേണ്ട പരിഗണന പോലും നല്‍കിയിരുന്നില്ല. കിലോയ്ക്ക് 25ഉം 30രൂപ വരെ പച്ചത്തേങ്ങയ്ക്ക് ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതോടെയാണ് കർഷകർ കൃഷിയില്‍ നിന്ന് വിട്ടു നിന്നത്. കൂടാതെ മലയോര മേഖലകളിലടക്കം വന്യമൃഗശല്യവും തേങ്ങയിടാൻ ആളെ കിട്ടാത്തതും കർഷകർക്ക് ഇരുട്ടടിയായി.

 

വിലയില്‍ റെക്കോർഡ് കുതിപ്പ്

 

കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയാണ് ഇപ്പോള്‍ 75ല്‍ എത്തി നില്‍ക്കുന്നത്. ഈ മാസം തുടക്കത്തില്‍ കിലോയ്ക്ക് 72-73 രൂപയായിരുന്നു. ഡിസംബർ മുതലാണ് പച്ചത്തേങ്ങ വില കൂടിത്തുടങ്ങിയത്. ജനുവരി അവസാനം 54 ആയിരുന്ന വില ഫെബ്രുവരിയില്‍ 56ല്‍ എത്തി. മാർച്ചില്‍ 60 കടന്നു. ജൂണില്‍ 78 വരെയെത്തിയ ദിവസങ്ങളുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാല്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചത്തേങ്ങക്കൊപ്പം രാജാപ്പൂർ (സംസ്കരിച്ച കൊപ്ര), ഉണ്ട കൊപ്ര വിലയും കൂടിയിട്ടുണ്ട്. ഇന്നലെ വടകര, കോഴിക്കോട് മാർക്കറ്റില്‍ രാജാപ്പൂർ വില ക്വിന്റലിന് 33000 ലെത്തിയിട്ടുണ്ട്. ഉണ്ട കൊപ്ര വില ക്വിന്റലിന് 28000 രൂപയാണ്. ഈ മാസം തുടക്കത്തില്‍ രാജാപൂർ ക്വിന്റലിന് 31000വും ഉണ്ട കൊപ്ര 27000 ആയിരുന്നു.

 

വീണ്ടും കൃഷിയിലേക്ക്

 

വിപണി വില ഉയർന്നതും കാലാവസ്ഥ അനുകൂലവുമായതോടെ കർഷകർ വീണ്ടും കൃഷിയിലേക്കിറങ്ങി. വേനല്‍മഴ നന്നായി ലഭിച്ചത് തെങ്ങുകള്‍ക്ക് ഗുണകരമായി. പലരും തടംതുറക്കലും തെങ്ങിന് വളം ചെയ്യലുമായി സജീവമാണ്.

 

500ലേക്ക് കുതിച്ച്‌ വെളിച്ചെണ്ണ

 

വെളിച്ചെണ്ണ വിലയും കൂടുകയാണ്. ഈ മാസം തുടക്കത്തില്‍ ലിറ്ററിന് 400 രൂപയായിരുന്നത് ഇപ്പോള്‍ 420 ലെത്തി.ആഴ്ചതോറും വിലയില്‍ 10 രൂപ മുതല്‍ 20 രൂപ വരെയാണ് വർദ്ധന. തേങ്ങയുടെയും കൊപ്രയുടെയും വില കൂടുമ്ബോള്‍ വെളിച്ചെണ്ണയ്ക്ക് വില കൂട്ടാതെ മാർഗമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.