കീമിന്റെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; മുൻ റാങ്കുകാരില്‍ പലരും പിന്നിലായി : ആദ്യ ലിസ്റ്റിലെ അഞ്ചാം റാങ്കുകാരന് ഒന്നാം റാങ്ക്

തിരുവനന്തപുരം : കീമിൻ്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന വിദ്യാർഥികള്‍ പിന്നിലായി. നിലവില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. ആദ്യ ലിസ്റ്റില്‍ അഞ്ചാം റാങ്കുകാരനാണ് ജോഷ്വ. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷൻ ബൈജുവിനാണ്. ആദ്യ റാങ്ക് ലിസ്റ്റില്‍ ആറാമതായിരുന്ന എമില്‍ ഐപ്പ് സക്കറിയയാണ് പുതുക്കിയ ലിസ്റ്റില്‍ മൂന്നാം റാങ്ക്.
നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍ ആദ്യ 100 പേരില്‍ 43 പേർ കേരള സിലബസിലെ വിദ്യാർഥികളായിരുന്നു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ഇത് 21 ആയി കുറഞ്ഞു.
കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പഴയ ഫോർമുല പിന്തുടർന്ന് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പുറുത്തുവിട്ടത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടുകയായിരുന്നു.
എൻജിനീയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷപരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സിബിഎസ്‌ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു ഈ ഉത്തരവ്.
പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ലിസ്റ്റ് റദ്ദാക്കിയത്. കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സിബിഎസ്‌ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. കേരള സിലബസുകാർക്ക്
തിരിച്ചടിയായിരിക്കുകയാണ് പുതിയ നടപടി.