അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലെങ്കിലും ഈ നാല് ബാങ്കുകള്‍ ഇനി പിഴ ഈടാക്കില്ല

സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തുക എന്നത് പലപ്പോഴും നമ്മളില്‍ പലർക്കും തലവേദനയായിരുന്നു. അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന ബാങ്കിന്റെ ഇരുട്ടടിയും സഹിക്കണം.എന്നാല്‍ ഇനി സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്താൻ വേണ്ടി പ്രയാസപ്പെടേണ്ടതില്ല. മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തുകയാണ് രാജ്യത്തെ ഈ നാല് പൊതുമേഖലാ ബാങ്കുകള്‍.
കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി പൊതുമേഖല ബാങ്കുകള്‍ നടത്തിയ ചർച്ചയിലാണ് ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനം വരുന്നത്. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവർ ഇതിനോടകം തന്നെ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന നീക്കം ഒഴിവാക്കി കഴിഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിന് മുൻപില്‍ വെച്ച കണക്ക് പ്രകാരം 2024 ജൂണ്‍ വരെ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ 8495 കോടി രൂപയാണ് ബാങ്കുകള്‍ പിഴയായി പിഴിഞ്ഞെടുത്തത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
മിനിമം ബാലൻസ് ആയി നിശ്ചയിച്ചിരിക്കുന്ന തുകയില്‍ നിന്ന് എത്ര ശതമാനം കുറവാണോ അക്കൗണ്ടിലുള്ളത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രഖ്യാപിച്ചു.
വനിതകള്‍, കർഷകർ, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ എന്നിവരെ മുൻപില്‍ കണ്ടാണ് ഈ നീക്കം എന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കുന്നു. മിനിമം ബാലൻസ് നിലനിർത്തേണ്ടതിന്റെ സമ്മർദം ഒഴിവാക്കി എല്ലാ വിഭാഗം ആളുകളേയും ആകർഷിക്കാനാണ് ഈ നീക്കം.
കാനറ ബാങ്ക്
ഈ വർഷം മെയില്‍ ആണ് കാനറ ബാങ്കില്‍ നിന്ന് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസകരമാവുന്ന ആ വാർത്ത എത്തിയത്. സാലറി അക്കൗണ്ട്, എൻആർഐ അക്കൗണ്ട്, റെഗുലർ അക്കൗണ്ട് എന്നിങ്ങനെ എല്ലാ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്കും മിനിമം ബാലൻസ് നിലനിർത്തണം എന്ന സമ്മർദം ഇനി വേണ്ട. ഇതിലൂടെ കൂടുതല്‍ ആളുകള്‍ അക്കൗണ്ട് ആരംഭിക്കാൻ തയ്യാറായേക്കും എന്ന് ബാങ്ക് കണക്ക് കൂട്ടുന്നു.
ബാങ്ക് ഓഫ് ബറോഡ
സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കില്ലെന്ന് ജൂലൈ ആറിന് ബാങ്ക് ഓഫ് ബറോഡയും പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. എല്ലാ റെഗുലർ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്കും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ പിഴ അടയ്ക്കേണ്ടി വരില്ല. എന്നാല്‍ ബാങ്ക് ഓഫ് ബറോഡയിലെ പ്രീമിയം സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ ഇളവ് ലഭിക്കില്ല.
ഇന്ത്യൻ ബാങ്ക്
സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തിയില്ല എങ്കില്‍ ഇനി ഇന്ത്യൻ ബാങ്കും പിഴ ഈടാക്കില്ല. ജൂലൈ ഏഴ് മുതലാണ് ഇത്തരത്തില്‍ പിഴ ഈടാക്കില്ല എന്ന് ഇന്ത്യൻ ബാങ്ക് പ്രഖ്യാപിക്കുന്നത്. എല്ലാ വിഭാഗം സേവിങ്സ് അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ് എന്നും ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി. പിഴ അടയ്ക്കണം എന്ന ഭയം ഇല്ലാതെ അക്കൗണ്ട് നിലനിർത്താൻ ഉപയോക്താവിനെ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം, പ്രത്യേകിച്ച് വരുമാനം കുറഞ്ഞ അക്കൗണ്ട് ഉടമകളെ.
2020ല്‍ എസ്ബിഐയുടെ പ്രഖ്യാപനം
മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്ന രീതി എസ്ബിഐ 2020ല്‍ അവസാനിപ്പിച്ചിരുന്നു. എസ്ബിഐയിലെ എല്ലാ തരത്തിലുള്ള സേവിങ്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്കും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ എസ്ബിഐ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിയത് ഒരു വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ വിമർശനം ശക്തമായതോടെയാണ്.
മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നിന്ന് പിടിച്ച തുക ബാങ്കിന്റെ നെറ്റ് പ്രൊഫിറ്റ് മറികടന്നു എന്നാണ് വിവരാവകാശ രേഖയിലൂടെ പുറത്തു വന്നത്. വർഷങ്ങള്‍ക്കിപ്പുറം മറ്റ് പൊതുമേഖലാ ബാങ്കുകളും എസ്ബിഐയുടെ വഴി സ്വീകരിക്കുന്നു.
സ്വകാര്യ ബാങ്കുകള്‍
നിലവില്‍ ജൻ ധൻ, സാലറി അക്കൗണ്ട് എന്നിവയില്‍ മിനിമം ബാലൻസ് നിലനിർത്തിയില്ല എങ്കില്‍ പിഴ ഈടാക്കില്ല എന്നതാണ് സ്വകാര്യ ബാങ്കുകളുടെ നയം. ഇത് കൂടാതെ പല സ്വകാര്യ ബാങ്കുകളിലും ഫിക്സഡ് ഡെപ്പോസിറ്റ് അതല്ലെങ്കില്‍ മറ്റ് തരത്തിലെ നിക്ഷേപങ്ങള്‍ ഉള്ള ഉപയോക്താക്കളുടെ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കില്ല.
ഈ പിഴ തുക മറ്റ് വഴികളിലൂടെ പിടിക്കുമോ?
അക്കൗണ്ട് നിലനിർത്തുന്നതിനുള്ള തുക ഡെബിറ്റ് കാർഡ് ഫീ, സൗജന്യ ലിമിറ്റിന് ശേഷമുള്ള ഇടപാടുകള്‍ നടത്തുന്നതിനുള്ള ചാർജ് എന്നിവയിലൂടെ തിരികെ പിടിക്കാനാവും ബാങ്കുകളുടെ ശ്രമം. എങ്കിലും പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കാതിരിക്കാനുള്ള നീക്കം വരുമാനം കുറഞ്ഞ, ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന ആളുകളെ ആകർഷിക്കും. വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്ക് ഇത് ആശ്വാസകരമാവും.