July 4, 2025

പനമരം – നടവയൽ റോഡിൽ പൗരസമിതിയുടെ വാഴ നട്ട് പ്രതിഷേധം

Share

 

പനമരം : ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം – സുൽത്താൻബത്തേരി റോഡിലെ നടവയൽ വരെയുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പനമരം പൗരസിതി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. പനമരം പാലം കവലമുതൽ പുഞ്ചവയൽ വരെയുള്ള രണ്ടുകിലോമീറ്ററോളം ഭാഗം പാടെ തകർന്നും ഭീമൻ ഗർത്തങ്ങൾ രൂപപ്പെട്ടും കാൽനടയാത്ര പോലും ദുഃസ്സഹമായി കിടക്കുകയാണ്. വാഹനങ്ങൾ കുഴികളിൽ ചാടി അപകടത്തിൽപ്പെടുകയും യാത്രക്കാരുടെ നടുവൊടിക്കുകയുമാണ്. വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിലെ കുഴികൾ താല്കാലികമായെങ്കിലും അടയ്ക്കാത്തതിലായിരുന്നു പൗരസമിതിയുടെ പ്രതിഷേധം.

 

വർഷങ്ങൾക്കുമുമ്പ് ബീനാച്ചി മുതൽ തുടങ്ങിയ റോഡ് പ്രവൃത്തി ഇനിയും പനമരത്തേക്ക് എത്തിയിട്ടില്ല. റീ-ടെണ്ടർ പൂർത്തീകരിച്ച് മാസങ്ങൾക്ക് മുമ്പ് നടവയൽ മുതൽ റോഡ് നിർമാണം ആരംഭിച്ചത് മാത്രമാണ് ഏക ആശ്വാസം. കൈവരികൾ തകർന്നും ബലക്ഷയം സംഭവിച്ചും അപകടക്കെണിയിലായ പനമരം ചെറിയ പാലത്തിന് മുകളിൽ മുമ്പ് പൗരസമിതി പ്രവർത്തകരുടെ ശവപ്പെട്ടിയേന്തി റീത്ത് വെച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയായിരുന്നു പുതിയ പാലം പണി തുടങ്ങിയത്. പാലത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇതുവഴി വൺവേ ആയാണ് വാഹനങ്ങൾ കടന്നുപോവുന്നത് ഇവിടം ചെളിക്കുളവുമാണ്.

 

സുൽത്താൻബത്തേരി, പുൽപ്പള്ളി, നീർവാരം, കേണിച്ചിറ തുടങ്ങി പ്രദേശങ്ങളിലേക്ക് ഒട്ടേറെ സ്വകാര്യ, കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്ന പാതയിലാണ് ഈ ദുരവസ്ഥ. കുഴികൾക്കു പുറമേ റോഡിലെ പല ഭാഗങ്ങളിലും കലുങ്കുകളും റോഡോരവും ഇടിഞ്ഞ് ആംബുലൻസുകൾ ഉൾപ്പെടെ ഇപ്പോൾ അപകടക്കെണിയിലാണ് ഇതുവഴി കടന്നുപോവുന്നത്. ഗതാഗത തടസ്സവും പതിവാണ്. റോഡിൻ്റെ ദുർഘടാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ഉപരോധമുൾപ്പെടെയുള്ള ജനകീയ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് പൗരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.

 

സമരം പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ ഉദ്ഘാനം ചെയ്തു. കൺവീനർ റസാഖ് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. വിജയൻ മുതുകാട്, ടി. ഖാലിദ്, എം.ഡി. പത്മരാജൻ, സത്യൻ കാളിന്ദി, അസീസ് പൊന്നാന്തിരി തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.