June 10, 2025

പ്ലസ്‌വണ്‍ രണ്ടാം അലോട്‌മെന്റായി ; പ്രവേശനം ഇന്നും നാളെയും

Share

 

പ്ലസ് വണ്‍ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. അർഹരായവർക്ക് ഇന്ന് ( ചൊവ്വാഴ്ച ) രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയില്‍ സ്കൂളില്‍ ചേരാം. ടിസി, സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ നിർബന്ധമാണ്. യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസല്‍ ഹാജരാക്കാൻ സാവകാശം ലഭിക്കും. ആദ്യ ഓപ്ഷനില്‍ തന്നെ അലോട്മെന്റ് ലഭിച്ചവർ സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർക്ക് ആവശ്യമെങ്കില്‍ താത്കാലിക പ്രവേശനമാകാം.

 

ആകെ 4,63,686 അപേക്ഷകളാണ്. ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റ് 3,16,507. ഇതില്‍ 2,43,155 പേർക്കാണ് ഇതുവരെ അലോട്മെന്റ് ലഭിച്ചത്. രണ്ടാം അലോട്മെന്റിനു ശേഷം മെറിറ്റില്‍ 75,415 സീറ്റ് മിച്ചമുണ്ട്. ഇതും, അലോട്മെന്റ് ലഭിക്കുന്നവർ സ്കൂളില്‍ ചേരാത്തതിനാല്‍ ഒഴിവുവരുന്ന സീറ്റും ചേർത്ത് 16-ന് മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിക്കും.

 

ഇതോടെ താത്കാലിക പ്രവേശനത്തിനുള്ള അവസരം അവസാനിക്കും. താഴ്ന്ന ഓപ്ഷനാണ് ലഭിക്കുന്നതെങ്കിലും ഫീസടച്ച്‌ സ്ഥിരം പ്രവേശനം നേടണം. ആദ്യ അലോട്മെന്റ് മുതല്‍ താത്കാലിക പ്രവേശനത്തില്‍ തുടരുന്നവരും സ്ഥിര പ്രവേശനമെടുക്കണം.

 

ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെട്ടവരില്‍ 99,526 പേർ രണ്ടാം അലോട്മെന്റില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലിക പ്രവേശനം നേടിയവരാണ്. ഇവരില്‍ 20,511 പേർക്ക് ഉയർന്ന ഓപ്ഷനില്‍ അലോട്മെന്റ് ലഭിച്ചു. ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെടാതിരുന്ന 21,887 പേർക്കാണ് രണ്ടാം അലോട്മെന്റില്‍ ഇടംകിട്ടിയത്.

 

ഒന്നാം അലോട്മെന്റില്‍ താത്കാലിക പ്രവേശനം നേടിയവർക്ക് ഇപ്പോഴത്തെ അലോട്മെന്റില്‍ ഉയർന്ന ഓപ്ഷനില്‍ അലോട്മെന്റ് ലഭിച്ചില്ലെങ്കില്‍ പുതിയ അലോട്മെന്റ് ലെറ്റർ ആവശ്യമില്ല. പട്ടികജാതി-വർഗ വികസന വകുപ്പുകളുടെ മേല്‍നോട്ടത്തിലെ മോഡല്‍ റസിഡൻഷ്യല്‍ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

ഇനിയും അപേക്ഷ നല്‍കാം, തിരുത്താം

 

: പ്ലസ്വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാം അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം. നേരത്തേ, അപേക്ഷയില്‍ തെറ്റായവിവരങ്ങള്‍ ചേർത്തതിനാലോ ഓപ്ഷൻ നല്‍കാത്തതിനാലോ അലോട്മെന്റ് ലഭിക്കാത്തവർക്ക് അപേക്ഷയിലെ പിഴവും തിരുത്താം.

 

അപേക്ഷയിലെ അപാകം മൂലം ആദ്യ അലോട്മെന്റിലുള്‍പ്പെട്ടിരുന്ന 1,152 പേർക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഇവർക്കും സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് ആവശ്യമായ തിരുത്തലുകളോടെ അപേക്ഷ പുതുക്കി നല്‍കാം. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളിലും ഉള്‍പ്പെടാത്തവർ, സപ്ലിമെന്ററി അലോട്മെന്റില്‍ പരിഗണിക്കപ്പെടുന്നതിനായി പുതിയ ഓപ്ഷനുകള്‍ ചേർത്ത് അപേക്ഷ പുതുക്കണം.

 

സപ്ലിമെന്ററി അലോട്മെന്റിനായി ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

ഇത് പരിശോധിച്ചുവേണം ഓപ്ഷൻ നല്‍കാൻ. 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്മെന്റ്.

 

മാനേജ്മെന്റ്, അണ്‍എയ്ഡഡ് ക്വാട്ട പ്രവേശനം ഇന്നു തുടങ്ങും

 

: പ്ലസ്വണ്‍ മാനേജ്മെന്റ്, അണ്‍എയ്ഡഡ് ക്വാട്ട പ്രവേശനം ചൊവ്വാഴ്ച തുടങ്ങും. ഈ വിഭാഗങ്ങളിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം 17-നു പൂർത്തിയാക്കാനാണു ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളിലും സപ്ലിമെന്ററി അലോട്മെന്റ് 18-നു തുടങ്ങും. മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശന നടപടി 27-നു പൂർത്തിയാക്കണം. അണ്‍എയ്ഡഡ് ക്വാട്ടയിലെ പ്രവേശനം ജൂലായ് 16-നും പൂർത്തിയാക്കണം. ഏതെങ്കിലുമൊന്നില്‍ പ്രവേശനം നേടിയവർക്ക് അതു റദ്ദാക്കി മറ്റൊന്നില്‍ ചേരാൻ അനുവാദമില്ല.

 

വിഎച്ച്‌എസ്‌ഇ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

 

വിഎച്ച്‌എസ്‌ഇ രണ്ടാം അലോട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് നാലിനും ഇടയില്‍ പ്രവേശനം നേടണം. 11,860 പേരാണ് രണ്ടാം അലോട്മെന്റിലുള്ളത്. ആദ്യ അലോട്മെന്റിലൂടെ 13,926 പേർ വിഎച്ച്‌എസ്‌ഇയില്‍ ചേർന്നിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.