വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു ; മൂത്ത കുട്ടിക്കും വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല

മാനന്തവാടി : തിരുനെല്ലി അപ്പപ്പാറയിൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർകുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്.
ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന പ്രവീണ മക്കൾക്കൊപ്പമാണ് താമസം.
ആക്രമണത്തിൽ പ്രവീണയുടെ പതിനാലു വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒൻപതു വയസ്സുള്ള പെൺകുട്ടിയെ കാണാനില്ല. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി കുട്ടിയെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി.ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.