എസ്എസ്എല്‍സി സേ പരീക്ഷക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ അപേക്ഷിക്കാം ; പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്കും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഉത്തര കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഈ മാസം 12 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരമാവധി 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികള്‍ക്കുളള സേ പരീക്ഷ 2025 മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും.
ജൂണ്‍ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികള്‍ക്ക് പരമാവധി 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2025 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുന്നതാണ്.
എസ്.എസ്.എല്‍.സി മാർക്ക് ഷീറ്റ്
എസ്.എസ്.എല്‍.സി പരീക്ഷയുടെ മാർക്ക്ഷീറ്റ് കുട്ടികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് സർക്കാർ ഉത്തരവ് നല്‍കിയിട്ടുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 500/- രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനില്‍ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് നല്‍കുന്നതാണ്. 2025 ലെ ഡിജിറ്റല്‍ സർട്ടിഫിക്കറ്റുകള്‍ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് 2025 ജൂണ്‍ മൂന്നാം വാരം മുതല്‍ ലഭ്യമാകുന്നതാണ്.