യുജിസി നെറ്റ് 2025 ജൂണ്‍ സെഷൻ: അപേക്ഷ മേയ് ഏഴുവരെ

നിശ്ചിത വിഷയങ്ങളില്‍ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാനിർണയ പരീക്ഷയും പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷിക്കാനുമുള്ള യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ജൂണ്‍ സെഷന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു.മൂന്നു കാറ്റഗറികള്‍
(i) ജെആർഎഫ് അവാർഡിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1)
(ii) അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും പിഎച്ച്‌ഡി പ്രവേശനത്തിനും (കാറ്റഗറി 2)
(iii) പിഎച്ച്‌ഡി പ്രവേശനത്തിനുമാത്രം (കാറ്റഗറി 3)
ഇതില്‍ കാറ്റഗറി 1-ല്‍ അർഹത നേടുന്നവർക്ക് (ജെആർഎഫ്, അസിസ്റ്റൻറ് പ്രൊഫസർ നിയമനം) പിഎച്ച്‌ഡി പ്രവേശനത്തിന് അർഹതയുണ്ട്. യുജിസി വ്യവസ്ഥകള്‍/െറഗുലേഷൻസ് പ്രകാരമുള്ള ഇൻറർവ്യൂ ഉണ്ടാകും.
കാറ്റഗറി 2-ല്‍ യോഗ്യത നേടുന്നവർക്ക്, ജെആർഎഫ് അർഹത ഉണ്ടാകില്ല.
കാറ്റഗറി 3-ല്‍ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റൻറ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല.
കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്‌ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകള്‍ക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളില്‍ യോഗ്യത നേടുന്നവരുടെ കാര്യത്തില്‍ പിഎച്ച്‌ഡി പ്രവേശന പ്രക്രിയയില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ നെറ്റില്‍ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്സിറ്റി/ഉന്നത വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ഇൻറർവ്യൂ/വൈവയ്ക്ക് ലഭിക്കുന്ന മാർക്കിന് 30-ഉം ശതമാനം വെയ്റ്റേജ് നല്‍കി, ഇവയുടെ സംയുക്ത മെറിറ്റ് കണക്കാക്കി റാങ്കിങ് നടത്തി പ്രവേശനത്തിനായി പരിഗണിക്കും.
ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തില്‍ പിഎച്ച്‌ഡി പ്രവേശനത്തിന് നെറ്റില്‍ ലഭിക്കുന്ന മാർക്കിന് യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി മുതല്‍ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.നെറ്റ് ഫലത്തില്‍ പെർസന്റൈല്‍ പരീക്ഷയില്‍ ലഭിച്ച മാർക്ക് (ഒന്നില്‍ കൂടുതല്‍ ഷിഫ്റ്റുകളില്‍ നടത്തിയതെങ്കില്‍ നോർമലൈസ്ഡ് മാർക്ക്) എന്നിവ ലഭ്യമാക്കുന്നതാണ്.
കാറ്റഗറി 3-ല്‍ (പിഎച്ച്‌ഡി പ്രവേശനത്തിനുമാത്രം) യോഗ്യത നേടിയതായി പരിഗണിക്കേണ്ടവരുടെ എണ്ണം റിസല്‍ട്ട് കമ്മിറ്റി തീരുമാനിക്കും.
ഫെലോഷിപ്പ്, റിക്രൂട്ട്മെന്റ്
പട്ടികജാതി, മറ്റു പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്കായുള്ള നാഷണല്‍ ഫെലോഷിപ്പ് തിരഞ്ഞെടുപ്പ് സോഷ്യല്‍ ജസ്റ്റിസ് ആൻഡ് എംപവർെമൻറ് മന്ത്രാലയം വഴിയായിരിക്കും നടത്തുന്നത്. പ്രസ്തുത ഫെലോഷിപ്പുകളില്‍ താത്പര്യമുള്ളവരും യുജിസി നെറ്റ് അഭിമുഖീകരിക്കണം.
യുജിസി നെറ്റ് അപേക്ഷകരുടെ േഡറ്റാ, പിഎച്ച്‌ഡി പ്രവേശനത്തിന് ഉപയോഗിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും റിക്രൂട്ട്മെൻറ് പ്രക്രിയയില്‍ ഉപയോഗിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റ് ഏജൻസികള്‍ക്കും യുജിസി/എൻടിഎ ലഭ്യമാക്കിയേക്കും.
വിഷയങ്ങള്‍
ചില ശാസ്ത്ര വിഷയങ്ങളൊഴിച്ചാല്‍ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങള്‍ക്കാണ് (ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസസ്, ഭാഷാ വിഷയങ്ങള്‍ മുതലായവ) നടത്തുന്നത്. മൊത്തം 85 വിഷയങ്ങളില്‍ പരീക്ഷ നടത്തും. പരീക്ഷ നടത്തുന്ന വിഷയങ്ങള്‍, ഓരോ വിഷയത്തിന്റെയും സിലബസ് എന്നിവ ugcnet.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ഉണ്ട്.
അർഹതാ വ്യവസ്ഥകള്‍
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യല്‍ സയൻസ് വിഷയങ്ങളിലോ (ഭാഷാ വിഷയങ്ങള്‍ ഉള്‍െപ്പടെ), കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ (ഒബിസി- എൻസിഎല്‍/പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മാർക്ക് റൗണ്ടിങ് അനുവദനീയമല്ല
പിജിക്ക് പഠിക്കുന്നവർ, യോഗ്യതാ കോഴ്സ് ഫൈനല്‍ വർഷ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ, യോഗ്യതാ കോഴ്സ് പരീക്ഷ വൈകിയവർ തുടങ്ങിയവർക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.ഇവർ ജെആർഎഫ്/അസിസ്റ്റൻറ് പ്രൊഫസർ അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, നെറ്റ് ഫലം വന്ന് രണ്ട് വർഷത്തിനകവും പിഎച്ച്‌ഡി പ്രവേശനത്തിനെങ്കില്‍ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യോഗ്യതാ പ്രോഗ്രാം നിശ്ചിത മാർക്കോടെ, ജയിച്ചിരിക്കണം.
പിജി വിഷയത്തില്‍ നെറ്റ് അഭിമുഖീകരിക്കണം
പിജി വിഷയത്തില്‍ പരീക്ഷ അഭിമുഖീകരിക്കണം. പിജി വിഷയം നെറ്റ് വിഷയങ്ങളുടെ പട്ടികയില്‍ ഇല്ലെങ്കില്‍, ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ അഭിമുഖീകരിക്കാം.മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ പോപ്പുലേഷൻ സ്റ്റഡീസ് സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫിയിലോ പിജി ഉള്ളവർക്ക് പോപ്പുലേഷൻ സ്റ്റഡീസില്‍ നെറ്റ് അഭിമുഖീകരിക്കാം.ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസസ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് വിമണ്‍ സ്റ്റഡീസ് നെറ്റ് അഭിമുഖീകരിക്കാം.
പരീക്ഷാതീയതി, ഘടന
ജൂണ്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പേപ്പറുകളുള്ള, ഇടവേള ഇല്ലാത്ത പരീക്ഷയാണ്. രണ്ടിലെയും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
പേപ്പർ I, 100 മാർക്കിനും (50 ചോദ്യങ്ങള്‍), പേപ്പർ II 200 മാർക്കിനും (100 ചോദ്യങ്ങള്‍). എല്ലാ ചോദ്യങ്ങളും നിർബന്ധമാണ്. ശരിയുത്തരത്തിന് രണ്ടുമാർക്ക് വീതം കിട്ടും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് രീതി ഇല്ല. പേപ്പർ I, ടീച്ചിങ്/റിസർച്ച് അഭിരുചി വിലയിരുത്തുന്നതും പേപ്പർ II തിരഞ്ഞെടുത്ത വിഷയത്തിലെ വിജ്ഞാനം വിലയിരുത്തന്നതുമായിരിക്കും.കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 17 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷ നല്‍കുമ്ബോള്‍ മുൻഗണന നിശ്ചയിച്ച് നാല് പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.
റെക്കാഡഡ് സ്പോണ്‍സസ് ഡിസ്പ്ലേ, ആൻസർ കീ ചലഞ്ച്, മാർക്ക് നോർമലൈസേഷൻ, ഫലം തയ്യാറാക്കല്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇൻഫർമേഷൻ ബ്രോഷറില്‍ വിശദീകരിച്ചിട്ടുണ്ട്. റാങ്കിങ്ങിനായി പരിഗണിക്കപ്പെടാൻരണ്ടു പേപ്പറും അഭിമുഖീകരിച്ചിരിക്കണം. രണ്ടിനും കൂടി 40 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മൊത്തം 35 ശതമാനം) നേടിയിരിക്കണം.
അപേക്ഷ
അപേക്ഷ മേയ് ഏഴിന് രാത്രി 11.59 വരെ ugcnet.nta.ac.in വഴി നല്‍കാം. അപേക്ഷയിലെ വിവിധ ഓപ്ഷനുകള്‍ പരിശോധിച്ച് വേണ്ടത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അപേക്ഷാഫീസ്: ജനറല്‍ -1150 രൂപ, ജനറല്‍- ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎല്‍) -600 രൂപ, പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗങ്ങള്‍ -325 രൂപ.
ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി എട്ടിന് രാത്രി 11.59 വരെ അടയ്ക്കാം. അപേക്ഷയുടെ കണ്‍ഫർമേഷൻ പേജോ, അർഹത തെളിയിക്കുന്നതിലേക്കുള്ള ഏതെങ്കിലും രേഖയോ എവിടേക്കും അയയ്ക്കേണ്ടതില്ല.
അപേക്ഷയില്‍ ഉണ്ടായേക്കാവുന്ന പിശകുകള്‍ ഓണ്‍ലൈനായി തിരുത്താൻ ഒൻപത് മുതല്‍ 10-ന് രാത്രി 11.59 വരെ സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: www.nta.ac.in
പരീക്ഷ ജൂണില്‍
നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് യുജിസി നെറ്റിന് അപേക്ഷിക്കാൻ ബിരുദ കോഴ്സില്‍ മൊത്തത്തില്‍ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി-എൻസിഎല്‍/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി.
നാലു വർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദപ്രോഗ്രാമില്‍ അന്തിമ വർഷത്തില്‍/അന്തിമ സെമസ്റ്ററില്‍ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. അവർ യോഗ്യതാ ബിരുദ കോഴ്സില്‍ മൊത്തത്തില്‍ 75/70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി ബിരുദം നേടണം. ഇവരെ ജെആർഎഫിന്/പിഎച്ച്‌ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ ജെആർഎഫ് എങ്കില്‍ നെറ്റ് ഫലംവന്ന് രണ്ട് വർഷത്തിനകവും പിഎച്ച്‌ഡി പ്രവേശനത്തിനെങ്കില്‍ നെറ്റ് ഫലംവന്ന് ഒരു വർഷത്തിനകവും യുജിസി റെഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടേണ്ടതുണ്ട്. അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് നാല് വർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.നാലുവർഷ ബിരുദക്കാർക്ക് അവരുടെ ബിരുദം ഏതു തന്നെയായാലും പിഎച്ച്‌ഡി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിഷയമെടുത്ത് നെറ്റ് അഭിമുഖീകരിക്കാം.
കോളേജ്/സർവകലാശാലാ/സ്ഥാപനതല അസിസ്റ്റൻ്റ് പ്രൊഫസർ തിരഞ്ഞെടുപ്പിനും നിയമനത്തിനുമുള്ള മിനിമം എലിജിബിലിറ്റി മാനദണ്ഡം നെറ്റ്/എസ്‌ഇടി (സെറ്റ്)/എസ്‌എല്‍ഇടി ആയിരിക്കും എന്ന വ്യവസ്ഥ തുടരും. ഇതിലെ ഇളവ് കാലാകാലങ്ങളിലെ യുജിസി െറഗുലേഷൻസ്, ഭേദഗതികള്‍ എന്നിവ പ്രകാരമായിരിക്കും. ചില വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവർ/ചില യോഗ്യതകള്‍ ഉള്ളവർ എന്നിവർക്ക്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് നെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കിയിട്ടുണ്ട്. പ്രായപരിധി
ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.6.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണ വിഭാഗക്കാർക്കും വനിതകള്‍ക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയില്‍ ഇളവുലഭിക്കും. അസിസ്റ്റൻറ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്‌ഡി പ്രവേശനത്തിനും വേണ്ടി യുജിസി നെറ്റിന് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.