എമ്പുരാൻ റീ സെൻസര്‍ ചെയ്യാൻ തീരുമാനം ; ഗുജറാത്ത് കലാപം അടക്കം സംഘപരിവാറിന് ഇഷ്ടപ്പെടാത്ത 17 രംഗങ്ങള്‍ നീക്കും

കൊച്ചി : സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ എംപുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.
അടുത്തയാഴ്ച തീയറ്ററില്‍ എത്തുന്ന പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ഗോകുലം ഗോപാലന്‍ അറിയിച്ചത്. സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലായിരുന്നുവെന്നും സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്‌നം ആണെന്നും ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയായിരുന്നു എമ്ബുരാന്‍ ലോകവ്യാപകമായി തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്ബുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു.
ഇതോടെ ചില രംഗങ്ങള്‍ മാറ്റാനും ചില പരാമർശങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. കലാപത്തിന്റെ ദൃശ്യങ്ങള്‍ മാറ്റുന്നതിനോടൊപ്പം വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. രണ്ട് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ കയറിയ സിനിമ വൻ ജനപിന്തുണയുമായി തിയറ്ററുകളില്‍ മുന്നേറ്റം നടത്തുമ്ബോഴാണ് സംഘപരിവാർ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം, എമ്ബുരാൻ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആർ എസ് എസ് മുഖവാരിക ഓർഗനൈസർ ആരോപിച്ചിരുന്നു. ഈ നിലയില്‍ ദേശീയ തലത്തില്‍ സിനിമ തുറന്നുകാട്ടപ്പെടണം എന്നതില്‍ സംശയമില്ലെന്നും ഓർഗനൈസർ ലേഖനത്തിലുണ്ട്. നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമെതിരെ രൂക്ഷ വിമർശമാണ് ഓർഗനൈസർ അഴിച്ചുവിട്ടത്. ഹിന്ദുക്കളെ ആക്രമണകാരികളായി ചിത്രീകരിക്കുന്നതും ബി ജെ പി അനുയായികളെ പൈശാചികവത്കരിക്കുന്നതും സെന്‍സിറ്റീവ് ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തിന് ഇന്ത്യന്‍ സിനിമയില്‍ അപകടകരമായ മാതൃക സൃഷ്ടിക്കുന്നു എന്നുമാണ് ഓർഗനൈസറിന്‍റെ വാദം.
എന്നാല്‍ സംഘപരിവാറുകാരുടെ ഓലപ്പാമ്ബ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് എമ്ബുരാൻ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായെത്തി. ബാബറി സംഭവത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും വിധ്വംസകമായ വർഗ്ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ല്‍ നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാർടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‌ലീങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമണ പരമ്ബരയും കൊലപാതകവും അഴിച്ചു വിട്ടു. തന്നെ രണ്ട് ദിവസം ജയില്‍ മോചിതനാക്കിയാല്‍ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബിജെപി ഗവണ്മെന്‍റെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തുറന്നടിച്ചു.