അബദ്ധത്തിൽ കാൽ വഴുതി വീണ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

മാനന്തവാടി : ഇല്ലത്ത് വയൽപുഴയിൽ കാൽ വഴുതി വീണ യുവാവ് മുങ്ങിമരിച്ചു. ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശാരദ (അംബുജം) യുടേയും മകൻ സച്ചിൻ (അപ്പു 26) ആണ് മരിച്ചത്.
പുഴയരികിനോട് ചേർന്നാണ് ഇവരുടെ വീട്. ഇന്ന് രാവിലെ അബദ്ധത്തിൽ കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നുവെന്നാണ് നിഗമനം. തുടർന്ന് മാനന്തവാടി അഗ്നി രക്ഷാ സേന സ്ബ ടീം ഉടൻ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സച്ചിനെ കണ്ടെത്തിയത്.
ഉടൻ തന്നെ മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വള്ളിയൂർക്കാവിലെ പ്രതീക്ഷാ സർവീസ് സെന്ററിലെ ജീവനക്കാരനായിരുന്നു സച്ചിൻ. സതീശൻ, സരിത എന്നിവർ സഹോദരങ്ങളാണ്.