February 16, 2025

വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറന്നു ; ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം, 72 മരണം

Share

 

ജറുസലം : വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഗാസ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ കരാറിനെ വിജയം എന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് വിശേഷിപ്പിച്ചത്.

 

പലസ്തീന്‍ ജനത നടത്തിയ പ്രതിരോധത്തിന്റെ വിജയം എന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറിലെ നിബന്ധനകളില്‍നിന്നു ഹമാസ് പിന്നോട്ടു പോയതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആരോപിച്ചു. ഗാസയില്‍ കഴിഞ്ഞ 15 മാസമായി നടന്ന വിനാശകരമായ യുദ്ധത്തിന് വിരാമമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. അതേസമയം കരാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

 

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ഗാസയിലെ ജനങ്ങള്‍ക്കു സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാകാന്‍ ഇതു വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ടു വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും കഴിഞ്ഞദിവസമാണു അംഗീകരിച്ചത്. ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഗാസയില്‍ വെടിനിര്‍ത്തലിനുമുള്ള കരാര്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു.

 

ഗാസയിലെ ജനങ്ങള്‍ക്കു സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാക്കാന്‍ ഇതു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്കു മടങ്ങാനും ഞങ്ങള്‍ നിരന്തരം ആഹ്വാനം ചെയ്തിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധത്തില്‍ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകര്‍ന്നടിയുകയും 23 ലക്ഷം പലസ്തീന്‍കാരില്‍ 90 ശതമാനവും അഭയാര്‍ഥികളായി മാറുകയും ചെയ്തു. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബര്‍ 7ലെ ഹമാസ് കടന്നാക്രമണത്തില്‍ തെക്കന്‍ ഇസ്രായേലില്‍ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറില്‍ ഹ്രസ്വകാല വെടിനിര്‍ത്തലില്‍ ഇതില്‍ പകുതിയോളം പേരെ വിട്ടയച്ചിരുന്നു. ഗാസയില്‍ ആകെ മരണം 46,707 ആയി. 1,10,265 പേര്‍ക്കു പരിക്കേറ്റു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.