പി.എം.ആസ്യ ഏറ്റവും കഴിവുകെട്ട പ്രസിഡൻ്റ് : യു.ഡി.എഫ്

പനമരം : പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാരായിരുന്നവരിൽ ഏറ്റവും കഴിവുകെട്ട പ്രസിഡൻ്റ് ആയിരുന്നു പി.എം.ആസ്യയെന്ന് യു.ഡി.എഫ്. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടതിന് പിന്നാലെ പി.എം.ആസ്യ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് യു.ഡി.എഫ്. മെമ്പർമാരുടെ കുറ്റപ്പെടുത്തൽ.
കഴിഞ്ഞ നാലുവർഷക്കാലം പഞ്ചായത്തിൽ വികസന മുരടിപ്പും ജനങ്ങളെ ബുദ്ധിമുട്ടിക്കലുമല്ലാതെ യാതൊന്നും നടന്നിട്ടില്ല. സ്വന്തം മുന്നണിയിലുള്ളവർ പോലും ഇവർക്കെതിരാണ്. ഓഫീസ് ജീവനക്കാർക്ക് ഇവരെ ഒരു വിശ്വാസവുമില്ല. എൽ.ഡി.എഫ്. മുന്നണിയിൽപ്പെട്ടവരെ പോലും ഏകോപിപ്പിച്ച് കൊണ്ടുപോവാൻ സാധിക്കാത്ത കഴിവുകെട്ട പ്രസിഡൻ്റായിരുന്നു. പഞ്ചായത്ത് ഭരണത്തിൽ ശ്രദ്ധിക്കാതെ പഞ്ചായത്ത് വാഹനം സ്വന്തം ആവശ്യത്തി ഉപയോഗിച്ച് ഓഫീസ് ആവശ്യത്തിന് പോലും വാഹനം കിട്ടാതെ ഓഫീസ് പ്രവർത്തം താളംതെറ്റി. കൂടാതെ സംസ്ഥാന ഭരണവും എം.എൽ.എയും മന്ത്രിയും ഒക്കെയുണ്ടായിട്ടും, പഞ്ചായത്തിൽ ജീവനക്കാരുടെ ഒഴിവ് നികത്താൻ പോലും കഴിവില്ലാത്ത പ്രസിഡണ്ട് അയിരുന്നു. ഭരണസമിതി യോഗത്തിൽ പോലും നുണ പ്രചരണങ്ങൾ മാത്രം പറയുന്ന ഇവരെയാണ് നുണപരിശോധനക്ക് വിധേയമാക്കേണ്ടത്.
സ്ഥാനം നഷ്ടപ്പെട്ട വിഭ്രാന്തിയിൽ മുൻ പ്രസിഡണ്ട് പിച്ചും പേയും വിളിച്ചു പറയുകയാണ്. എൽ.ഡി.എഫും, യു.ഡി.എഫും ചേർന്ന് പുറത്താക്കി എന്നാണ് ഇവർ പറയുന്നത്.
അങ്ങനെയെങ്കിൽ കഴിഞ്ഞ നാലു വർഷമായി ഇവർ ഏതു പാർട്ടിയുടെ പ്രസിഡണ്ട് ആയിരുന്നു എന്ന് വ്യക്തമാക്കണം. ബി.ജെ.പിയെ കൂട്ടുപിടിച്ച് അവിശ്വാസത്തെ അതിജീവിക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. എന്നാൽ യു.ഡി.എഫ് അതും പരാജയപ്പെടുത്തി.
നാലുവർഷമായി അഴിമതി നിറഞ്ഞ ഭരണമായിരുന്നു. ജലനിധി പദ്ധതിക്കായി എസ്.എൽ.ഇ.സിയുടെ പ്രവർത്തനം നടത്താനുള്ള പണം ഏജൻസിക്ക് മാറികൊടുക്കരുതെന്ന് ഭരണസമിതി തീരുമാനമുള്ളതാണ്. എന്നാൽ അന്നത്തെ സെക്രട്ടറിയെ സ്വാധീനിച്ചു 18 ലക്ഷം രൂപമാറികൊടുക്കുകയും അതിൽ കമ്മീഷൻ പറ്റുകയും ചെയ്തു. അവരുടെ സ്വന്തം വാർഡിലും പതിനൊന്നാം വാർഡിലും ഇതുവരെ കുടിവെള്ളം പോലും എത്തിയിട്ടില്ല. പിന്നെയെങ്ങനെയാണ് ഏജൻസിക്ക് തുക നൽകിയതെന്ന് വ്യക്തമാക്കണം.
അതുപോലെ പഞ്ചായത്തിലെ ഫർണിച്ചർ വിതരണത്തിലും, പനമരം അങ്ങാടിവയലിൽ നടത്തിയ ഓഷ്യാനസ് പരിപാടിയിലും കമ്മീകൻ വാങ്ങി പഞ്ചായത്തിനു കിട്ടേണ്ട വിനോദനികുതിയടക്കം നഷ്ടപ്പെടുത്തി. കേരളോത്സവ നടത്തിൽ അഴിമതി ഉന്നയിച്ച മുൻ പ്രസിഡൻ്റ് കണക്കുകൾ വിശദീകരിക്കാൻ ചേർന്ന ഭരണസമിതി യോഗത്തിൽ പങ്കെടുത്തില്ല. പരിപാടിയുടെ ചെയർമാൻ ആയ ഇവർ വർക്കിംഗ് ചെയർമാൻ അഴിമതി കാട്ടിയെന്ന് പറയുന്നതിൽ കഴമ്പില്ല. 150000 രൂപ അനുവദിച്ചതിൽ 127000 മാത്രമാണ് കേരളോത്സവത്തിൽ ചിലവഴിച്ചതും. പഞ്ചായത്തിൽ ഒഴിവുവന്ന സെക്രട്ടറി, മൂന്ന് എൽ.ഡി.ക്ലാർക്ക്, ഒരു അക്കൗണ്ടൻ്റ് തസ്തികകളും ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. യു.ഡി.എഫ്. അംഗങ്ങൾക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ അത് മുൻ പ്രസിഡൻ്റ് പുറത്തുവിടണം. അതിനായി കാത്തിരിക്കുകയാണെന്നും യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ വാസു അമ്മാനി, തോമസ് പാറക്കാലായിൽ, കെ.ടി. സുബൈർ, കെ.സി.ജെയിംസ്, ഷീമ മാനുവൽ, എം.കെ.ആഷിക്, സുനിൽ കുമാർ, ഹസീന ഷിഹാബുദ്ധീൻ, ലക്ഷ്‌മി ആലക്കമുറ്റം, ആയിഷ ഉമ്മർ എന്നിവർ പങ്കെടുത്തു.