വരയാലിലെ പുള്ളിമാൻവേട്ട : ഒളിവിലായിരുന്ന ഒരാൾകൂടി കീഴടങ്ങി

മാനന്തവാടി : പുള്ളിമാനിനെ വേട്ടയാടിയ കേസിൽ ഒളിവിലായിരുന്ന ഒരാൾകൂടി കീഴടങ്ങി. പേര്യ പുതിയോട്ടിൽ ഹൗസിൽ അബ്ദു റഹ്‌മാനാണ് (51) ഒരുവർഷത്തിനു ശേഷം മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് (ഒന്ന്) മുൻപാകെ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിലുൾപ്പെട്ട വാളാട് സ്വദേശികളായ ചാലിൽ അയൂബ് (38), കോമ്പി അബു (40), കുഞ്ഞോം കല്ലേരി ഹൗസിൽ ആലിക്കുട്ടി (56) എന്നിവർ മുൻപ് കീഴടങ്ങിയിരുന്നു. വേട്ടയാടിയ പുള്ളിമാനിന്റെ ജഡം കടത്താനുപയോഗിച്ച വാഹനം അബ്ദു റഹ്‌മാൻ്റെതാണെന്നും വാഹനം ഓടിച്ചതും അബ്ദുറഹ്‌മാൻ ആയിരുന്നെന്നും പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.സനൂപ് കൃഷ്ണൻ പറഞ്ഞു. സംഭവത്തിലുൾപ്പെട്ട മൂന്നുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.
2023 നവംബർ 23 നു വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പേര്യ 35-ലായിരുന്നു കേസിനാസ്പദമായ സംഭവം. ചന്ദനത്തോട് ഭാഗത്തുനിന്ന് പുള്ളിമാനിനെ വേട്ടയാടുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പുലർച്ചെ ഇവിടെ വനപാലകസംഘം എത്തിയിരുന്നു. സംശയം തോന്നി ഇതുവഴി വന്ന വാഹനത്തിനു വനപാലകർ കൈകാണിച്ചെങ്കിലും നിർത്താതെപോയി. കാറിനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. വിപിൻ (31), വി. സുനിൽകുമാർ (30) എന്നിവർക്ക് ഈ വാഹനമിടിച്ച് പരിക്കേറ്റിരുന്നു.