പനമരം പഞ്ചായത്ത് പ്രസിഡൻറിനെതിരേയുള്ള അവിശ്വാസ പ്രമേയം രാഷ്ട്രീയ വഞ്ചനയും മുതലെടുപ്പും : എൽ.ഡി.എഫ്

പനമരം : പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറിനെതിരേ യു.ഡി.എഫ്. അംഗങ്ങൾ നൽകിയ അവിശാസപ്രമേയം രാഷ്ട്രീയ വഞ്ചനയും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള നാടകവുമാണെന്ന് എൽ.ഡി.എഫ്. പനമരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അവിശ്വാസപ്രമേയം പാസാകണമെങ്കിൽ 12 പേരുടെ പിന്തുണ വേണമെന്നിരിക്കെ ബി.ജെ.പി പിന്തുണ ധാരണപ്രകാരം ഉറപ്പാക്കിയ ശേഷമാണ് യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത്തരത്തിൽ ബി.ജെ.പിയുമായി കരാർ ഉറപ്പിച്ചതിലെ കപടത മുസ്ലിംലീഗും കോൺഗ്രസും വ്യക്തമാക്കണം.
ഗ്രാമപ്പഞ്ചായത്തിലെ കക്ഷിനില എൽ.ഡി.എഫ്. 11 ഉം, യു.ഡി.എഫ്. 11 ഉം ബി.ജെ.പി. ഒന്നുമാണ്. വൈ:പ്രസിഡണ്ടും രണ്ട് സ്ഥിരം സമിതികളുമടക്കം സ്റ്റിയറിംങ് കമ്മിറ്റിയിൽ ഭൂരിപക്ഷം യു.ഡി.എഫിനാണ്. അതിനാൽ തന്നെ പനമരം ഗ്രാമപ്പഞ്ചായത്തിന്റെ വികസന പ്രവർത്തനത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം യു.ഡി.എഫിനാണ്. വികസന പ്രവർത്തനത്തിന്റെ ഭാഗമായുള്ള പദ്ധതി നടത്തിപ്പിൽ ധനകാര്യം, വികസനകാര്യം, ആരോഗ്യ – വിദ്യാഭ്യാസം എന്നീ മൂന്ന് സ്ഥിരംസമിതികളും കഴിഞ്ഞ നാലുവർഷമായി യഥാസമയം ഇടപെട്ട് പ്രവർത്തിക്കാതെയും, ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയും, വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രവർത്തിച്ചതിന്റെയും ഫലമായിട്ടാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങൾ.
ഓഫീസ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ പഞ്ചായത്തിൽ നടത്തിയ നാല് താൽക്കാലിക നിയമനങ്ങളും യു.ഡി.എഫ്. രാഷ്ട്രീയ ചായ് വുള്ളവരെയാണ് നിയമിച്ചത്. സ്റ്റിയറിംങ് കമ്മിറ്റിയിൽ യു.ഡി.എഫിന് മുൻതൂക്കമുള്ളതിനാൽ ആണ് ഇത്തരത്തിലുള്ള നിയമനം നടത്താൻ സാധിച്ചത്. എന്നിട്ടും ജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് യു.ഡി.എഫ്. അംഗങ്ങൾ ഒന്നുമറിയാത്തെപോലെ മാറി നിൽക്കുന്നത് പഞ്ചായത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
11 അംഗങ്ങളുള്ള എൽ.ഡി.എഫ്, ബി.ജെ.പി. പിന്തുണയോടുകൂടി വൈ. പ്രസിഡൻറിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാത്തത് രാഷ്ട്രീയ ധാർമ്മികതയുടെ ഭാഗമായിട്ടാണ്.
മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നീക്കിവെച്ച തുക ചിലവഴിക്കുന്നതിന് യു.ഡി.എഫ്. സ്ഥിരംസമിതിക്ക് കഴിഞ്ഞിട്ടില്ല. വൈദ്യുതി ശ്മശാനത്തിന് വേണ്ടിയുള്ള പ്രോജക്ടും, പനമരം ഗ്രാമപ്പഞ്ചായത്തിലെ നെൽകർഷകരെ സഹായിക്കുന്നതിന് വേണ്ടി, വയനാടിൻറെ ബ്രാൻറിൽ അരി പാക്ക് ചെയ്ത‌് വിൽക്കുന്നതിനുള്ള പദ്ധതിയും യു.ഡി.എഫ്., ബി.ജെപി പിന്തുണയോടെ അട്ടിമറിക്കുകയാണുണ്ടായത്.
ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി കൊണ്ടുള്ള പ്രചരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ എൽ.ഡി.എഫ്. കൺവീനർ പി.കെ. ബാലസുബ്രമണ്യൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.പി. ഷിജു, ലോക്കൽ സെക്രട്ടറി കെ.സി. ജബ്ബാർ, പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ആസ്യ, പഞ്ചായത്തംഗം എം.കെ. രാമചന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം മഹേഷ് കൃഷ്ണ, എൻ.സി.പി ജില്ലാ കമ്മിറ്റിയംഗം ഇ.മമ്മൂട്ടി, ജനതാദൾ ജില്ലാ കമ്മിറ്റിയംഗം സുബൈർ കടന്നോളി എന്നിവർ പങ്കെടുത്തു.