ഒറ്റമകള്‍ സ്കോളര്‍ഷിപ്പ് : അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടി

ഡല്‍ഹി: ഒറ്റമകള്‍ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി സിബിഎസ്‌ഇ. ജനുവരി 10 വരെ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.പുതിയ അപേക്ഷകള്‍ക്കൊപ്പം നിലവില്‍ സ്കോളർഷിപ് ലഭിക്കുന്നവർക്കു പുതുക്കാനുള്ള അപേക്ഷയും ജനുവരി പത്തുവരെ സമർപ്പിക്കാനാകും.
ലഭിക്കുന്ന അപേക്ഷകളില്‍ സ്കൂളുകള്‍ 17ന് ഉള്ളില്‍ പരിശോധന പൂർത്തിയാക്കണം. ഈ മാസം 23 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. വിവരങ്ങള്‍ക്ക്: www.cbse.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(എ) 2023-24ല്‍ 10 ജയിച്ചവരുടെ പുതിയ അപേക്ഷ:
സിബിഎസ്‌ഇ അഫിലിയേഷനുള്ള സ്കൂളില്‍ പഠിച്ച് ആദ്യ 5 വിഷയങ്ങളില്‍ 70% എങ്കിലും മാർക്കോടെ 10 ജയിച്ചിരിക്കണം. പത്തിലെ പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപയും 11, 12 ക്ലാസുകളിലെ ട്യൂഷൻ ഫീ 3000 രൂപയും കവിയരുത്. 11ല്‍ 70% എങ്കിലും മാർക്കുള്ളവർക്ക് 12ലെ പഠനത്തിന് സ്കോളർഷിപ് പുതുക്കാം.
(ബി) 2022-23ല്‍ 10 ജയിച്ചവരുടെ പുതുക്കല്‍ അപേക്ഷ:
11ല്‍ ഈ സ്കോളർഷിപ് കിട്ടിയിരുന്നവർക്ക് 12ലേക്ക് പുതുക്കാം. പക്ഷേ 11ല്‍ 50% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. 10ലെ പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലേക്ക് യഥാക്രമം 10% വരെ കൂടാം.
(സി) പൊതുവ്യവസ്ഥകള്‍:
2023ലും 2024ലും 10 ജയിച്ചവർക്കു പൊതുവായ വ്യവസ്ഥകളുണ്ട്. കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്. 10, 11, 12 ക്ലാസുകളിലെ പഠനം സിബിഎസ്‌ഇ സ്കൂളിലായിരിക്കണം. എൻആർഐ വിഭാഗക്കാർക്കും അപേക്ഷിക്കാം; അവർക്കു പ്രതിമാസ ട്യൂഷൻ ഫീ 6000 രൂപ വരെയാകാം. മറ്റു സ്‌കോളർഷിപ്പുകള്‍ സമാന്തരമായി വാങ്ങുന്നതിനു തടസ്സമില്ല.
ഒറ്റമകള്‍ എന്നാല്‍ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലെ കുട്ടികളെയും പരിഗണിക്കും. വ്യവസ്‌ഥകള്‍ പാലിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രതിമാസം 1000 രൂപ രണ്ടു വർഷത്തേക്ക് ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കേണ്ടതിന്റെയും തുടർനടപടികളുടെയും നിർദേശങ്ങള്‍ സൈറ്റിലുണ്ട്. സ്കൂള്‍ പ്രിൻസിപ്പല്‍ അപേക്ഷയുടെ സൂക്ഷ്മപരിശോധന നടത്തി സാക്ഷ്യപ്പെടുത്തും.