April 3, 2025

കടയിൽ കഞ്ചാവ് കൊണ്ടുവച്ചു : മകനെ കേസില്‍ കുടുക്കാന്‍ നോക്കിയ പിതാവ് അറസ്റ്റില്‍

Share

 

മാനന്തവാടി : മാനന്തവാടി ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവച്ച കേസില്‍ മുഖ്യപ്രതിയും കടയടുമയുടെ പിതാവുമായ അബൂബക്കര്‍ പിടിയിലായി.

 

സെപ്തംബര്‍ ആറിനാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി- മൈസൂര്‍ റോഡിലെ പി.എ ബനാന എന്ന സ്ഥാപനത്തില്‍ നിന്ന് 2.095 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

 

മകനോടുള്ള വൈരാഗ്യം കാരണം മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ വേണ്ടി പ്രതിയായ അബൂബക്കര്‍ കര്‍ണ്ണാടകത്തില്‍ നിന്നും എത്തിച്ച കഞ്ചാവ് കടയുടമയും മകനുമായ നൗഫല്‍ പള്ളിയില്‍ നിസ്‌കാരത്തിനു പോയ സമയം നോക്കി കൂട്ടുപ്രതികളായ തട്ടിപ്പ് ഔത എന്ന് വിളിക്കുന്ന ഔത, ജിന്‍സ് വര്‍ഗ്ഗീസ് എന്നിവരുടെ സഹായത്തോടെ കടയില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

സംഭവ ദിവസം കടയുടെ ഉടമസ്ഥനായ മാനന്തവാടി ചെറ്റപ്പാലം ഭാഗം പുത്തന്‍തറ വീട്ടില്‍ നൗഫലിനെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിൽ ഇയാൾ കടയില്‍ ഇല്ലാതിരുന്ന സമയത്ത് മറ്റാരോ കഞ്ചാവ് കൊണ്ടുവെച്ചതാവാം എന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. തുടർന്ന് കല്‍പ്പറ്റ എന്‍ഡിപിഎസ്അഡ്‌ഹോക്ക് -II കോടതിയില്‍ നൗഫലിന് ജാമ്യം അനുവദിച്ചിരുന്നു.

 

പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചതില്‍ KL 12G 9032 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായ പയ്യമ്പള്ളി കൊല്ലശ്ശേരിയില്‍

ജിന്‍സ് വര്‍ഗീസ് എന്നയാളെ 10.09.2024 ന് വിശദമായി ചോദ്യംചെയ്തു. അബൂബക്കറിന് നൗഫലിനോട് കുടുംബപരമായ പ്രശ്‌നങ്ങളില്‍ വൈരാഗ്യം ഉള്ളതിനാല്‍ കഞ്ചാവ് കേസില്‍പ്പെടുത്തി ജയിലിലാക്കുക എന്ന ലക്ഷ്യത്തോടെ അബൂബക്കറും സുഹൃത്തായ ഔത ( അബ്ദുള്ള ), ജിന്‍സ് വര്‍ഗീസും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശിയായ ഒരാളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഓട്ടോറിക്ഷയില്‍ കഞ്ചാവ് സ്ഥാപനത്തില്‍ കൊണ്ടുവെക്കുകയായിരുന്നു.

 

ജിന്‍സ് വര്‍ഗീസിനെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി-II റിമാന്റ് ചെയ്തിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.