വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ കോളജ്/ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പാണ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് പുതുക്കാനും അവസരമുണ്ട്.
യോഗ്യത
ഹയര്‍ സെക്കന്‍ഡറി/വി.എച്ച്.എസ്.സി ബോര്‍ഡുകള്‍ 2024ല്‍ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 80 % ത്തിന് മുകളില്‍ മാര്‍ക്ക് നേടി, ഏതെങ്കിലും റെഗുലര്‍ ബിരുദ പ്രോഗ്രാമിന് ചേര്‍ന്നവര്‍ക്കാണ് അര്‍ഹത. പ്രായം 18നും 25 നുമിടയിലായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കവിയരുത്.
കറസ്‌പോണ്ടന്‍സ്/ ഡിസ്റ്റന്‍സ് / ഡിപ്ലോമ കോഴ്‌സുകാര്‍ക്കും മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്കും അര്‍ഹതയില്ല. ആകെ സ്‌കോളര്‍ഷിപ്പിന്റെ 50 ശതമാനം പെണ്‍കുട്ടികള്‍ക്കും 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.ടി വിഭാഗത്തിനും 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും 5 ശതമാനം ഭിന്നശേഷിക്കാര്‍ക്ക് നീക്കിവച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷം സ്‌കോളര്‍ഷിപ്പ്
ബിരുദതലം മുതല്‍ പരമാവധി അഞ്ചു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്കും ലഭിക്കും. ദേശീയ തലത്തില്‍ ഓരോ വര്‍ഷവും 82,000 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ബിരുദതലത്തില്‍ ഒരു വര്‍ഷം 12,000 രൂപയും ബിരുദാനന്തര ബിരുദ തലത്തില്‍ വര്‍ഷത്തില്‍ 20,000 രൂപയുമാണ് ലഭിക്കുക. വര്‍ഷം തോറും സ്‌കോളര്‍ഷിപ്പ് പുതുക്കേണ്ടതുണ്ട്.
വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കും 75 ശതമാനം ഹാജറുമുള്ളവര്‍ക്ക് മാത്രമേ പുതുക്കാന്‍ കഴിയുകയുള്ളൂ. വിദ്യാര്‍ഥിയുടെ പേരില്‍ ദേശസാല്‍കൃത / ഷെഡ്യൂള്‍ഡ് ബാങ്കില്‍ ആധാര്‍ ലിങ്ക് ചെയ്ത സേവിങ് ബാങ്ക് അക്കൗണ്ട് വേണം. സ്‌കോളര്‍ഷിപ്പ് തുക ഈ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാവും.
അപേക്ഷ ഓണ്‍ലൈനില്‍
ഡിസംബര്‍ 15നകം scholarships.gov.in വഴി പുതിയ സ്‌കോളര്‍ഷിപ്പിനും നിലവിലുള്ള സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കാം. സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സ്ഥാപനമേധാവി മുമ്പാകെ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.