March 16, 2025

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി; ഹൈക്കോടതിയുടെ നിര്‍ണായക വിധി

Share

 

കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്ബ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെയാണ് കേസ് എടുത്തത്.

 

പോസ്റ്റ് ഓഫീസ് കെട്ടടവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരേ പരാതി നല്‍കിയത്. 1999 സെപ്റ്റംബർ മുതല്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വാടകയ്ക്കാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നത്. പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്സ് നിർമിക്കുകയാണെന്നും ഇതിനാല്‍ താൻ നല്‍കുന്ന മറ്റൊരു കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റണമെന്നും 2005 ല്‍ കെട്ടിടം ഉടമസ്ഥൻ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ കെട്ടിടത്തിന് ഉണ്ടാകണമെന്ന നിബന്ധനയോടെ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി. കെട്ടിടത്തിനു പുതിയ ഗ്രില്‍ വച്ചു നല്‍കണമെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014 വരെ ഇതു നടപ്പാക്കിയില്ല.

 

ഒരു ഘട്ടത്തില്‍ മാസാമാസമുള്ള വാടക ഉടമസ്ഥൻ സ്വീകരിക്കാതായി. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചുപിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും പരാതി നല്‍കി. ട്രൈബ്യൂണല്‍ ഉടമസ്ഥന് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി. ഇതിനിടെയാണ്, പോസ്റ്റ് ഓഫിസ് കടന്നു ഭൂമി കയ്യേറിയെന്നു കാട്ടി വഖഫ് ബോർഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്ബാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിനു നിർദേശം നല്‍കി. ഇതനുസരിച്ച്‌ സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്രപ്പരസ്യങ്ങള്‍ നല്‍കി. പക്ഷേ കെട്ടിടം ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാർക്കെതിരെ 2013ലെ നിയമഭേദഗതി അനുസരിച്ചുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52എ അനുസരിച്ച്‌ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് കോടതിയെ സമീപിക്കുന്നത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി നിയമഭേദഗതിക്കു മുമ്ബ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്ന് വ്യക്തമാക്കി.

 

മുനമ്ബമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്ബോള്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്ബം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോർഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയർന്നു വരുന്ന സാഹചര്യത്തില്‍ നിർണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തപാല്‍ വകുപ്പിന് വേണ്ടി കേന്ദ്രസർക്കാർ അഭിഭാഷകനായ സുവിൻ ആർ മേനോൻ ആണ് ഹാജരായത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.