ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 35 വർഷത്തിനുശേഷം പിടിയിൽ
കൽപ്പറ്റ : ബാങ്ക് കവർച്ചക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 35 വർഷത്തിനുശേഷം പിടിയിലായി. 1988 ഫെബ്രുവരി എട്ടിന് പുലർച്ചെ 3.30-ന് നല്ലൂർനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിലെ രണ്ടാംപ്രതി കൊല്ലം പള്ളിമുക്ക് നെടിയഴികത്ത് വീട്ടിൽ അബ്ദുൽ സമദ് (74) ആണ് അറസ്റ്റിലായത്.
കേസിൽ നേരത്തേ അറസ്റ്റിലായ അബ്ദുൽ സമദ് 1989-ൽ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപ്പോവുകയായിരുന്നു. ഇയാളെ പിടികൂടാനായി ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട് സൂപ്രണ്ട് ഓഫ് പോലീസിൻ്റെ നിർദേശപ്രകാരം വയനാട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഒടുവിൽ ഒക്ടോബർ 29-ന് തിരുവനന്തപുരം കഴക്കൂട്ടത്തു വെച്ചാണ് ഇയാളെ പിടികൂടിയത്.
വയനാട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ പി. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വയനാട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.