November 8, 2024

റേഷൻ കാര്‍ഡ് മസ്റ്ററിങ് എട്ടിന് അവസാനിക്കും : ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം ലഭിക്കില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്

Share

 

കൽപ്പറ്റ : റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഏതാനും ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലും മസ്റ്ററിങ്ങിനായി റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താക്കള്‍ വളരെ കുറവാണെന്ന് ഡീലർമാർ.

 

വളരെ കുറച്ച്‌ കാർഡ് ഉടമകള്‍ മാത്രമേ റേഷന്‍ കടകളില്‍ എത്തി മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുള്ളൂ. എത്തുന്നവരില്‍ തന്നെ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ഇല്ലാത്ത അവസ്ഥയാണ്.

 

കാര്‍ഡിലെ ഒരംഗം എത്തി മസ്റ്ററിങ് നടത്തിയതിനുശേഷം മറ്റ് അംഗങ്ങളെ കാത്തുനില്‍ക്കേണ്ട സാഹചര്യമാണ്. അതിനാല്‍ തന്നെ ദീര്‍ഘസമയം എടുക്കുന്നുണ്ട്. മാത്രമല്ല, പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാർഥികള്‍ക്കും ജോലിക്കു പോകുന്നവർക്കും റേഷൻ കടകളില്‍ എത്താൻ സാധിക്കില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

 

 

മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്ര മുന്നറിയിപ്പ്.

അടുത്ത മാസം മുതല്‍ മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും റേഷൻ ലഭിക്കുക. അതിനാല്‍ തന്നെ കുടുംബത്തിലെ എല്ലാ അംഗങ്ങളും റേഷൻ കടകളില്‍ എത്തി വിരല്‍ പതിപ്പിക്കല്‍ നിർബന്ധമാണ്.

 

മൂന്നു ദിവസത്തിനകം ഇത് പൂർത്തിയാക്കാൻ കഴിയുമോ എന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. കിടപ്പിലായ അംഗങ്ങളെ വീടുകളില്‍ പോയി വിരല്‍ പതിപ്പിക്കണം. ഇത് വ്യാപാരികള്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ്.

 

ഇത്തരം സാഹചര്യത്തില്‍ റേഷൻ മസ്റ്ററിങ്ങിന് വ്യാപാരികളെ സഹായിക്കാൻ ആശാവർക്കർമാർ അടക്കമുള്ളവരുടെ സഹായം ലഭ്യമാക്കണമെന്ന് ഓള്‍ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി ആവശ്യപ്പെട്ടു.

 

ബോധവത്കരണവും മുഴുവന്‍ മുന്‍ഗണന വിഭാഗം കാര്‍ഡ് അംഗങ്ങളെയും മസ്റ്ററിങ് കേന്ദ്രങ്ങളിലെത്തിക്കാൻ വാര്‍ഡ് മെംബർമാരുടെ നേതൃത്വത്തില്‍ അംഗൻവാടി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകർ എന്നിവരുടെ കര്‍മസേന രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.